പാലാ : റോഹനും അഖിലിനും അഫീലിന്റെ വേർപാട് ഇനിയും വിശ്വസിക്കാനായിട്ടില്ല. പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാർത്ഥികളായ റോഹനും അഖിലും അഫീലിന്റെ ഉറ്റസുഹൃത്തുക്കളായിരുന്നു. റോഹനും അഫീലും ഒരേ ക്ലാസിൽ അടുത്തടുത്ത് ഇരിക്കുന്നവർ. അഖിൽ മറ്റൊരു ഡിവിഷനിലും. കളിയും പഠനവും രാവിലെയും വൈകിട്ടുമുള്ള പോക്കും വരുവുമെല്ലാം ഇവർ ഒരുമിച്ചായിരുന്നു. സ്‌നേഹിക്കാൻ മാത്രമറിയാവുന്ന കൂട്ടുകാരനെന്നാണ് ഇരുവരും അഫീലിനെക്കുറിച്ച് പറയുന്നത്. സ്‌കൂൾ വിടുന്ന സമയത്തും പി.ടി. പരീഡിലുമെല്ലാം ഇവർ തെരഞ്ഞെടുക്കുന്നത് ഫുട്‌ബോളാണ്. അഫീലിന് ഫുട്‌ബോളിനോട് വല്ലാത്ത പ്രണയമായിരുന്നു. കളികളിൽ മാത്രമല്ല പഠനത്തിനും അഫീൽ മികവുപുലർത്തിയിരുന്നു.
കാൽപന്തിൽ ഉയരങ്ങൾ തേടനായിരുന്ന അഫീലിന്റെ ആഗ്രഹം. ഒഴിവുസമയങ്ങളിലെല്ലാം അവൻ ഫുട്ബോൾ പരിശീലനത്തിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്. പരിശ്രമങ്ങൾ വെറുതെയായില്ല. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ സ്‌കോർ ലൈൻ സ്‌പോർട്‌സ് അക്കാദമിയിലേക്ക് അടുത്തിടെ അഫീൽ തെരഞ്ഞെടുക്കപ്പെട്ടു. ആ കുഞ്ഞുമനസിലെ സ്വപ്‌നങ്ങൾ ചിറക് വിരിച്ചു തുടങ്ങിയപ്പോഴാണ് മരണം അപകടത്തിന്റെ രൂപത്തിലെത്തിയത്.