കോട്ടയം: മാർക്ക് ദാന വിവാദത്തിൽ ആരോപണ വിധേയനായ മന്ത്രി കെ.ടി ജലീൽ രാജി വയ്‌ക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു പ്രവത്തകർ നടത്തിയ സർവകലാശാല മാർച്ചിൽ സംഘർഷം. സംഘർഷത്തെ തുടർന്ന് പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശുകയും, കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്‌തു. ലാത്തിച്ചാർജിൽ കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോബി ചെമ്മല, സുബിൻ മാത്യു, അനൂപ് ഇട്ടൻ, പുതുപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് അശ്വിൻ സി.മോട്ടി, ജിത്തു ജോസ് എബ്രാഹം എന്നിവർക്ക് പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തിൽ 25 പേർക്കെതിരെ പൊലീസ് കേസെടുത്തു.
ഇന്നലെ ഉച്ചയ്‌ക്ക് പന്ത്രണ്ട് മണിയോടെയാണ് എം.ജി സർവകലാശാല ആസ്ഥാനത്തേയ്‌ക്ക് അതിരമ്പുഴയിൽ നിന്നും കെ.എസ്.യു പ്രവർത്തകർ മാർച്ച് നടത്തിയത്. തുടർന്ന് സർവകലാശാല ആസ്ഥാനത്തിനു മുന്നിൽ ബാരിക്കേഡ് ഉയർത്തി പൊലീസ് പ്രകടനം തടഞ്ഞു. തുടർന്ന്, ബാരിക്കേഡ് തകർത്ത പ്രവർത്തകർ പൊലീസിനു നേരെ കല്ലെറിഞ്ഞു. തുടർന്നു പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. ഇതോടെ പോലീസ് ലാത്തിവീശുകയും രണ്ട് തവണ ഗ്രനേഡ് പ്രയോഗിച്ചു. അരമണിക്കൂറോളം സ്ഥലത്ത് സംഘർഷാവസ്ഥ നിലനിന്നു.
സംഘർഷത്തിൽ പരിക്കേറ്റ വിദ്യാർഥികളെ കസ്റ്റഡിയിൽ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ., ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ് എന്നിവരും പൊലീസുമായി വാക്കേറ്റമുണ്ടായി. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റയുൾപ്പെടെയുള്ളവരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ പരാതി അറിയിച്ചു. തുടർന്ന് പോലീസുമായി നടത്തിയ ചർച്ചയിൽ നേതാക്കളും പ്രവർത്തകരും പിരിഞ്ഞുപോകുകയായിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ്, കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്, ജില്ലാ പ്രസിഡന്റ് ജോർജ് പയസ് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.