ചങ്ങനാശേരി: വർഗീയ പ്രവർത്തനം നടത്തുന്നുവെന്ന ധാരണ പരത്തുംവിധം നടത്തിയ പരാമർശത്തിന്റെ പേരിൽ മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസർ ടിക്കാറാം മീണയ്ക്ക് എൻ.എസ്.എസ് വക്കീൽനോട്ടീസ് അയച്ചു. പരാമർശം പിൻവലിച്ച് നിരുപാധികം മാപ്പുപറയണമെന്ന് എൻ.എസ്.എസിനു വേണ്ടി അഡ്വ.ആർ.ടി.പ്രദീപ് അയച്ച നോട്ടീസിൽ ആവശ്യപ്പെടുന്നു.
ജാതീയതയുടെ പേരിൽ എൻ.എസ്.എസ് വോട്ട് പിടിക്കാൻ ശ്രമിക്കുന്നതായുള്ള പ്രസ്താവനയാണ് ടിക്കാറാം മീണയുടെ ഭാഗത്തു നിന്നുണ്ടായത്.സമദൂരത്തിൽ നിന്നും ശരിദൂരം സ്വീകരിച്ചത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്ത് സമീപനം സ്വീകരിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം എൻ.എസ്.എസിനുണ്ട്. ജാതിരഹിത സമൂഹത്തിനായുള്ള ശ്രമമാണ് എല്ലാക്കാലത്തും എൻ.എസ്.എസിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത്.കേരളം സാമൂഹിക രംഗത്തു കൈവരിച്ചിട്ടുള്ള എല്ലാ പുരോഗതിയിലും എൻ.എസ്.എസിനുള്ള പങ്ക് മനസ്സിലാക്കാതെയാണ് തികച്ചും നിരുത്തരവാദപരമായി വർഗീയതയുടെ നിറച്ചാർത്ത് തിരഞ്ഞെടുപ്പ് ഓഫീസർ കൽപ്പിച്ചു നൽകിയതെന്ന് നോട്ടീസിൽ പറയുന്നു.