കോട്ടയം: അമിത വേഗത്തിൽ എത്തിയ സ്വകാര്യ ബസ് ഇടിച്ചു തെറിപ്പിച്ച സ്‌കൂട്ടർ യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു. റോഡരികിൽ വണ്ടി നിറുത്തി യുവാവ് ഫോൺ ചെയ്യുന്നതിനിടെ സ്‌കൂട്ടറിന്റെ പിന്നിൽ ബസ് ഇടിക്കുകയും ഇദ്ദേഹം ഒരു വശത്തേക്ക് തെറിച്ചുവീഴുകയുമായിരുന്നു. പാലാ കിടങ്ങൂർ ഇല്ലിക്കൽ കൊന്നയ്‌ക്കൽ വീട്ടിൽ അജിത്താണ് (21) അപകടത്തിൽ നിന്നും കഷ്‌ടിച്ച് രക്ഷപെട്ടത്. കോട്ടയം - പള്ളിക്കത്തോട് റൂട്ടിൽ സർവീസ് നടത്തുന്ന ലാൽ ബ്രദേഴ്‌സ് ബസാണ് അജിത്തിനെ ഇടിച്ചു വീഴ്‌ത്തിയത്. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടേ മുക്കാലോടെ ശാസ്ത്രി റോഡിൽ ലോഗോസ് ജംഗ്ഷനിലേയ്‌ക്കുള്ള കയറ്റത്തിനു സമീപമായിരുന്നു അപകടം. ലോഗോസ് ജംഗ്ഷനിലേയ്‌ക്കു പോകുന്നതിനിടെ ഫോൺ വന്നതിനെ തുടർന്ന് അജിത്ത്, സ്‌കൂട്ടർ റോഡരികിൽ ഒതുക്കി നിറുത്തി. ഈ സമയം പിന്നിൽ നിന്നും അമിത വേഗത്തിൽ എത്തിയ ബസ് അജിത്തിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ നിന്നും സമീപത്തെ പുല്ലിനു പുറത്തേയ്‌ക്കാണ് അഖിൽ തെറിച്ചു വീണത്. ഇതിനാൽ അപകടം ഒഴിവാകുകയായിരുന്നു. ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ തലയിടിച്ചെങ്കിലും, പരിക്കേറ്റില്ല. ഇതുവഴി കടന്നു പോയ യാത്രക്കാർ ചേർന്ന് ഓടിയെത്തി അജിത്തിനെ രക്ഷിച്ചു. തുടർന്ന് , പിടിച്ചെഴുന്നേൽപിച്ചു. അപകടത്തെ തുടർന്ന് ബസ് സർവീസ് അവസാനിപ്പിച്ചു. യാത്രക്കാരെ മുഴുവൻ മറ്റൊരു ബസിൽ കയറ്റി വിട്ടു. കൺട്രോൾ റൂം പൊലീസ് സംഘം സ്ഥലത്ത് എത്തി.