വൈക്കം: സ്വകാര്യ വ്യക്തികൾ കൈയ്യേറി നികത്തിയ പൊതുതോടുകളും നാട്ടുതോടുകളും വീണ്ടെടുക്കാൻ റവന്യു വകുപ്പ് അധികൃതർ നടപടി സ്വീകരിക്കണമെന്ന് വൈക്കം നഗരസഭാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ മുതൽ തിമിർത്തുപെയ്ത മഴയെ തുടർന്ന് വൈക്കം നഗരവും പരിസരപ്രദേശങ്ങളും വെള്ളത്തിൽ മുങ്ങിയിരുന്നു. പതിറ്റാണ്ടുകളായി മഴക്കാലത്ത് നഗരത്തിലെ വെള്ളം ഒഴുകിപ്പോയിക്കൊണ്ടിരുന്ന നിരവധി പൊതുതോടുകളും നാട്ടുതോടുകളുമാണ് ചില വ്യക്തികൾ നികത്തി സ്വന്തമാക്കിയിട്ടുള്ളത്. നഗരത്തിലെ അന്ധകാര തോട് നിറഞ്ഞുകവിഞ്ഞൊഴുകിയതിനെ തുടർന്ന് സമീപത്തെ റോഡുകളെല്ലാം വെള്ളത്തിനടിയിലായിരുന്നു. ഒട്ടേറെ വീടുകളിൽ വെള്ളം കയറിയതായും വാർഡ് കൗൺസിലർ അഡ്വ. അംബരീഷ് ജി.വാസു കൗൺസിൽ യോഗത്തിൽ പറഞ്ഞു. വെള്ളം കയറിയ വീടുകളിലുള്ളവരെ മാറ്റി പാർപ്പിക്കാൻ വൈക്കം നഗരസഭയുടെ അധീനതയിലുള്ള ടൗൺ ഹാൾ തുറന്നുകൊടുക്കേണ്ടി വരുമെന്ന അവസ്ഥയും ഉണ്ടായതായി സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആർ.സന്തോഷ് പറഞ്ഞു. വിജയ തീയറ്റർ റോഡിൽ നിറഞ്ഞ വെള്ളം ഒഴുകിപ്പോകാത്തത് ഒരു സ്വകാര്യ വ്യക്തി പൊതുതോട് നികത്തിയതു കാരണമാണെന്നും ഈ തോട് പുനഃസ്ഥാപിക്കാൻ അധികൃതർ തയ്യാറാകണമെന്ന് പ്രതിപക്ഷനേതാവ് എം.ടി അനിൽകുമാർ ആവശ്യപ്പെട്ടു. സ്വകാര്യ വ്യക്തികൾ കൈയ്യേറി നികത്തിയ ചെറുതോടുകളും പൊതുതോടുകളും തിരിച്ചെടുക്കാൻ നടപടി സ്വീകരിക്കുമെന്ന് ചെയർമാൻ പി.ശശിധരൻ കൗൺസിൽ യോഗത്തിൽ പറഞ്ഞു. ചർച്ചയിൽ വൈസ് ചെയർപേഴ്‌സൺ എസ്.ഇന്ദിരാദേവി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ രോഹിണിക്കുട്ടി അയ്യപ്പൻ, ബിജു കണ്ണേഴത്ത്, കൗൺസിലർമാരായ എസ്.ഹരിദാസൻ നായർ, എ.സി മണിയമ്മ, നിർമല ഗോപി, സുമ കുസുമൻ, പി.എൻ കിഷോർകുമാർ, കെ.എം സൗദാമിനി തുടങ്ങിയവർ സംസാരിച്ചു.