കോട്ടയം: വട്ടവട കോവിലൂരിൽ 25 ദിവസം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ സംഭവം വഴിത്തിരിവിൽ. കുഞ്ഞിന്റെ മരണം ശ്വാസം മുട്ടിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞു. മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും റിപ്പോർട്ടിലുണ്ട്. വിദഗ്ദ്ധ പരിശോധനയ്ക്കായി ആന്തരികാവയവങ്ങൾ ഫോറനസിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. എന്നാൽ കുഞ്ഞിന്റെ ശരീരത്തിൽ പാടുകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

ഡപ്യൂ‌‌ട്ടി പൊലീസ് സർജൻ ഡോ.ജയിംസ്കുട്ടി, ഫോറൻസിക് സർജൻ ഡോ.സന്തോഷ് ജോയി എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ മെഡിക്കൽ സംഘമാണ് പോസ്റ്റുമോർട്ടം നടത്തിയത്. കുട്ടിയുടെ അമ്മയെയും പിതാവിനെയും ചോദ്യം ചെയ്യാനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്ന് ദേവികുളം എസ്.ഐ കെ. ദിലീപ്കുമാർ പറഞ്ഞു. പോസ്റ്റുമോർട്ടത്തിനു ശേഷം നാട്ടിലെത്തിച്ച മൃതദേഹം ഇന്നലെ വൈകുന്നേരം അഞ്ചരയോടെ അടിമാലി പൊതുശ്മശാനത്തിൽ സംസ്കരിച്ചു.

പാലുകൊടുത്തപ്പോൾ നിറുകയിൽ കയറിയാണ് മരണം സംഭവിച്ചതെന്നാണ് കുട്ടിയുടെ മാതാവ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്. തുടർന്ന് പൊലീസിൽ അറിയിക്കാതെ മൃതദേഹം പുരയിടത്തിൽ കുഴിച്ചിടുകയായിരുന്നു. കോവിലൂർ തിരുമൂർത്തി​​​-വിശ്വലക്ഷ്മി ദമ്പതികളുടെ 25 ദിവസം പ്രായമുള്ള പെൺകുഞ്ഞ് കഴിഞ്ഞ ബുധനാഴ്ചയാണ് മരിച്ചത്.