വെച്ചൂർ: പെയ്തിറങ്ങിയ മഴയിൽ പൊലിഞ്ഞത് കർഷകരുടെ ഒരുപിടി സ്വപ്നങ്ങൾ. കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ വൈക്കം വെച്ചൂർ മേഖലയിലെ പാടശേഖരങ്ങളാണ് വെള്ളത്തിൽ മുങ്ങിയത്. സമാനസ്ഥിതിയാണ് അപ്പർകുട്ടനാട്ടിലെ പല പാടശേഖരങ്ങളിലും നിലനിൽക്കുന്നത്. വെച്ചൂരിൽ കൊയ്ത്തിന് പാകമായ നെല്ലാണ് മഴയിൽ നശിച്ചത്. വെച്ചൂർ അരികുപുറം പാടശേഖരത്താണ് കനത്തനാശം നേരിട്ടത്. ഇവിടെ ഈ ആഴ്ച കൊയ്ത്ത് നിശ്ചയിച്ചിരിക്കുകയായിരുന്നു. നൂറ്റിപതിനൊന്ന് ഏക്കർ വിസ്തൃതിയുള്ള പാടത്ത് അര ഏക്കർ മുതൽ അഞ്ച് ഏക്കർവരെ നിലമുള്ള 62 ഓളം കർഷകരാണുള്ളത്. കൊയ്ത്തുയന്ത്രം പാടത്തെത്തിയപ്പോഴാണ് കഴിഞ്ഞദിവസം പുലർച്ചെ മുതൽ മഴ പെയ്ത് തുടങ്ങിയത്. പാടശേഖരത്ത് വെള്ളം നിറഞ്ഞ് നെൽച്ചെടികൾ അടിഞ്ഞനിലയിലാണ്. ഒരേക്കറിൽനിന്ന് 30 ക്വിന്റൽ നെല്ല് ലഭിക്കുന്ന പാടശേഖരമാണിതെന്ന് കർഷകർ പറയുന്നു. ഒരേക്കറിൽ 28000 ത്തോളം രൂപ കൃഷിക്കായി കർഷകർ ചെലവഴിച്ചിട്ടുണ്ട്. മഴ തുടർന്നാൽ കൃഷി ഉപേക്ഷിക്കേണ്ട നിലയിലേക്ക് കാര്യങ്ങളെത്തും. മൂന്നുദിവസമെങ്കിലും തുടർച്ചയായി വെള്ളം വറ്റിച്ചാലേ കൊയ്ത്തുയന്ത്രം പാടത്തിനിറക്കാനാകു. നനവുള്ള പാടത്ത് സാധാരണ കൊയ്യുന്നതിന്റെ മൂന്നു മടങ്ങു സമയമെടുത്ത് വേണം കൊയ്ത്ത് പൂർത്തിയാക്കാൻ. ഇത് കർഷകർക്ക് കടുത്ത സാമ്പത്തികനഷ്ടം വരുത്തും. ഒരു കോടിയിലധികം രൂപയുടെ നെല്ല് ലഭിക്കേണ്ട സ്ഥാനത്ത് 85 ലക്ഷത്തോളം രൂപയുടെ നഷ്ടമാണുണ്ടായതെന്ന് പാടശേഖര സമിതി പ്രസിഡന്റ് ചേനപ്പാടി മനോഹരൻ, സെക്രട്ടറി വി.ടി.സണ്ണി പോട്ടയിൽ എന്നിവർ പറയുന്നു.