കോട്ടയം: ഗിരിദീപം ട്രോഫിക്കായുള്ള ബാസ്‌ക്കറ്റ് ബോൾ, വോളിബോൾ, മിനി ബാസ്‌ക്കറ്റ് ബോൾ ടൂർണമെന്റുകൾ 25 മുതൽ 28 വരെ ഗിരിദീപം ഫ്ലഡ്‌ലൈറ്റ് ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കും. 36 മത്സരങ്ങൾ അരങ്ങേറും. വോളിബോളിനും ബാസ്‌ക്കറ്റ് ബോളിനുമായി ഫ്ലഡ്‌ലൈറ്റ് ഇൻഡോർ സ്‌റ്റേഡിയങ്ങൾക്ക് പുറമേ ബാസ്‌ക്കറ്റ് ബോളിന് രണ്ടു ഔട്ട്‌ഡോർ കോർട്ടും ഒരുക്കിയിട്ടുണ്ട്. ബാസ്‌ക്കറ്റ് ബോൾ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിൽ 12 ടീം വീതവും ബാസ്‌ക്കറ്റ് ബോൾ ജൂനിയർ വിഭാഗത്തിൽ നാലു ടീമും വോളിബോൾ ആൺകുട്ടികളുടെ വിഭാഗത്തിൽ എട്ടു ടീമുകളും പങ്കെടുക്കും. 25ന് രാവിലെ എട്ടിനു ഇന്തർദേശീയ വോളിബോൾ താരം കിഷോർ കുമാർ ഉദ്ഘാടനം ചെയ്യും. ബഥനി ആശ്രമം സുപ്പീരിയർ ജനറൽ ഫാ. ജോസ് കുരുവിള അദ്ധ്യക്ഷത വഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യാതിഥിയായിരിക്കും. 28ന് രാവിലെ 10ന് നടക്കുന്ന സമാപന സമ്മേളനത്തിൽ അന്തർദേശീയ ബാസ്‌ക്കറ്റ് ബോൾ താരവും സെൻട്രൽ എക്‌സൈസ് ആൻഡ് കസ്റ്റംസ് ഇൻസ്‌പെക്ടറുമായ യൂട്രിക് പെരേര സമ്മാനദാനം നിർവഹിക്കും. ബഥനി നവജ്യോതി പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ റവ.ഡോ. ജോസ് മരിയദാസ് അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി മുഖ്യാതിഥിയായിരിക്കും. പത്രസമ്മേളനത്തിൽ ഫാ. മാത്യു ഷോബി, ഫാ. ജസ്റ്റിൻ തോമസ്, എം.പി. ഫിലിപ്പ് എന്നിവർ പങ്കെടുത്തു.