wste

ചങ്ങനാശേരി: കുരിശുംമൂട് ജംഗ്ഷനിൽ മാലിന്യം കുന്നുകൂടി കിടക്കാൻ തുടങ്ങിയിട്ട് ആഴ്ചകളായിട്ടും ഇത് നീക്കുന്നതിന് നടപടികളൊന്നുമുണ്ടാകുന്നില്ല. പൊതുനിരത്തിൽ ചാക്കുകണക്കിന് മാലിന്യക്കെട്ടുകളാണ് അലക്ഷ്യമായി കിടക്കുന്നത്. ശക്തമായ മഴയിൽ മാലിന്യങ്ങൾ അഴുകി റോഡിലേക്കു മറ്റിടങ്ങളിലേക്കും മലിനജലം ഒഴുകുന്നു. വ്യാപാര സ്ഥാപനങ്ങളിലേയും ഭക്ഷണ ശാലകളിലേയും വീടുകളിലേയും മാലിന്യമടക്കം ഇവിടെ തള്ളുന്നുണ്ട്. വിദ്യാർത്ഥികളടക്കമുള്ള വഴിയാത്രക്കാർ ഏറെ ബുദ്ധിമുട്ടിയാണ് ഇതുവഴി പോകുന്നത്. റേഡിയോ മീഡിയ വില്ലേജ്, ഓട്ടോ ടാക്‌സി സ്റ്റാൻഡ് എന്നിവയുടെ തൊട്ടടുത്താണ് മാലിന്യ പോയിന്റ്. സമീപത്തുള്ള ട്രാൻസ്‌ഫോമറിനോട് ചേർന്നാണ് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്. രാത്രികാലങ്ങളിൽ മറ്റിടങ്ങളിൽ നിന്നും വാഹനങ്ങളിൽ നിന്നും ഇവിടെ മാലിന്യങ്ങൾ വലിച്ചെറിയപ്പെടുകയും നിക്ഷേപിക്കുകയും ചെയ്യുന്നു. മലിനജലത്തിൽ ചവിട്ടാതെ നടക്കണമെങ്കിൽ റോഡിന്റെ മദ്ധ്യഭാഗത്തേയ്ക്ക് നീങ്ങേണ്ട ഗതികേടിലാണ് യാത്രക്കാർ. മാലിന്യം അഴുകിയുള്ള ദുർഗന്ധവും ഇവിടെ രൂക്ഷമാണ്. ഇതുമൂലം സമീപത്തുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരും ഓട്ടോ-ടാക്സി ഡ്രൈവർമാരും ഏറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.