ചങ്ങനാശേരി: ഇത്തിത്താനം ഇളങ്കാവ് കുന്നലിക്കൽ ജംഗ്ഷനിൽ റെയിൽവേ ട്രാക്കിനോട് ചേരുന്ന ഭാഗത്ത് സ്ഥാപിച്ച ബാരിക്കേഡുകൾ നീക്കം ചെയ്യാൻ കഴിയില്ലെന്ന് ഡിവിഷണൽ റെയിൽവേ മാനേജർ (വർക്ക്) കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ രേഖാമൂലം അറിയിച്ചു. ഒരുമാസം മുമ്പാണ് പ്രദേശവാസികളുടെ സഞ്ചാരസ്വാതന്ത്യം തടഞ്ഞ് ബാരിക്കേഡുകൾ സ്ഥാപിച്ചത്. റെയിൽവേ ലൈനിനും പാടശേഖരത്തിനും ഇടയിലായി റെയിൽവേ ലൈനിന് സമാന്തരമായി പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന ജനങ്ങൾക്ക് പൊതുവഴിയിലേക്ക് കടക്കുന്നതിനുള്ള ഏക മാർഗ്ഗമാണ് ഇതോടെ ഇല്ലാതായത്. ഇതിനെതിരെ നാട്ടുകാർ എം.പി, എം.എൽ.എ അടക്കമുള്ളവർക്ക് പരാതി നൽകിയിരുന്നു. വിഷയത്തിൽ കൊടിക്കുന്നിൽ സുരേഷ് എം പി സ്ഥലം സന്ദർശിക്കുകയും അദ്ദേഹത്തിന്റെ നിർദേശപ്രകാരം വിവിധ കക്ഷിനേതാക്കൾ തിരുവനന്തപുരത്തെ ഓഫീസിലെത്തി പരാതി നൽകുകയും ചെയ്തിരുന്നു.
ജനപ്രതിനിധികളുടെ ഭാഗത്തുനിന്നുള്ള ശക്തമായ ഇടപെടൽ ഇല്ലാത്തതാണ് അധികാരികൾ ഇത്തരം നിരുത്തരവാദനിലപാട് സ്വീകരിക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി.