പാലാ : രാവിലെ 11.15 ഓടെ അഫീലിനെയും വഹിച്ചുള്ള ആംബുലൻസ് പാലാ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിലേയ്ക്ക് എത്തുമ്പോൾ സഹപാഠികൾ വാവിട്ടുകരഞ്ഞു. അതുവരെ പിടിച്ചു നിന്ന അദ്ധ്യാപകർ വിങ്ങി വിതുമ്പി. എല്ലാ മുഖങ്ങളും നീർച്ചാലുകളായി. അഫീൽ ഫുട്ബാൾ തട്ടി നടന്ന സ്കൂൾ ഗ്രൗണ്ടും ഓടിച്ചാടി നടന്നിരുന്ന ക്ളാസ് മുറികളുമെല്ലാം അവന്റെ സാന്നിദ്ധ്യമറിഞ്ഞു.

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം ചൊവ്വൂരെ വീട്ടിലേയ്ക്ക് കൊണ്ടുപോകുംവഴിയാണ് അഫീലിന്റെ മൃതദേഹം പൊതുദർശനത്തിനായി സ്കൂൾ മുറ്റത്ത് വച്ചത്. അഫീലിന്റെ മൃതദേഹവുമായി എത്തുന്നതിന് മണിക്കൂറുകൾ മുൻപെ സ്കൂൾ പരിസരം ജനനിബിഡമായിരുന്നു. അദ്ധ്യാപകരും വിദ്യാർത്ഥികളും നാട്ടുകാരുമെല്ലാം മനസ് മരവിച്ച് കാത്തു നിന്നു. ചുവന്ന റോസാപ്പൂക്കളുമായി കാത്തു നിന്ന സഹപാഠികൾ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. പരസ്പരം കെട്ടിപ്പിടിച്ച് പൊട്ടിക്കരയുമ്പോൾ കണ്ണീരുറവ ധാരയായി ഒഴുകി. പ്രിയവിദ്യാർത്ഥിയുടെ ചേതനയറ്റ ശരീരം നോക്കി അദ്ധ്യാപകരും കരഞ്ഞു. പാലാ രൂപത സഹായമെത്രാൻ മാർജേക്കബ് മുരിക്കൻ പ്രാർത്ഥനാശുശ്രൂഷ നടത്തി. രൂപത കോർപ്പറേറ്റ് മാനേജർ ഫാ.ബെർക്കുമാൻസ് കുന്നുംപുറം, കത്തീഡ്രൽ വികാരി ഫാ.സെബാസ്റ്റ്യൻ വെട്ടുകല്ലേൽ,ജോസ് കെ മാണി എം.പി, വി.എൻ.വാസവൻ, പ്രിൻസിപ്പൽ മാത്യു എം കുര്യാക്കോസ്, അദ്ധ്യാപകർ, പി.ടി.എ ഭാരവാഹികൾ, ജില്ലാ വിദ്യാഭ്യാസ വകുപ്പ് അധികൃതർ, കൗൺസിലർമാർ, സാമൂഹ്യസന്നദ്ധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. തുടർന്ന് പാലാ സ്റ്റേഡിയത്തിന് മുന്നിലെ പ്രധാന കവാടത്തിൽ മൃതദേഹം എത്തിച്ചു. നഗരസഭാദ്ധ്യക്ഷ ബിജി ജോജോ, വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ, കൗൺസിലർമാർ, കായികതാരങ്ങൾ എന്നിവർ അന്ത്യോപചാരം അർപ്പിക്കാൻ എത്തി.