കോട്ടയം: വൈദ്യുത കമ്പി പൊട്ടിവീണുണ്ടാകുന്ന അപകട മരണങ്ങൾ തുടരുമ്പോഴും കുലുക്കമില്ലാതെ വൈദ്യുതി വകുപ്പ്. എട്ട് ദിവസത്തിനിടെ വൈദ്യുതാഘാത മേറ്റ് ജില്ലയിൽ നാലുപേർ മരിച്ചപ്പോൾ രണ്ട് പേർ മരിച്ചതും വൈദ്യുത ലൈൻ പൊട്ടിവീണാണ്. ബിൽ അടയ്ക്കാൻ വൈകിയാൽ കൃത്യമായി ഫ്യൂസ് ഊരാൻ കാട്ടുന്ന ശുഷ്‌കാന്തി സേവനങ്ങളിലുണ്ടാകുന്നില്ല.
കാറ്റ് വീശിയാൽ ലൈൻ പൊട്ടിവീണ് മനുഷ്യന്റെ 'കാറ്റ്' പോകുന്നതാണ് അവസ്ഥ. തുലാ വർഷത്തിനൊപ്പം മിന്നലും എത്തിയത് അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു. കാലപ്പഴക്കം ചെന്ന അലൂമിനിയം കണ്ടക്ടർ സ്റ്റീൽ ഇൻഫോസ്ഡ് കേബിളുകളാണ് (എ.സി.എസ്.ആർ) പലേടത്തും ഉപയോഗിക്കുന്നത്. ഇവ മാറ്റി ആൾ അലൂമിനിയം അലോയ് കണ്ടക്ടർ (എ.എ.എ.സി) ലൈനുകൾ ഉപയോഗിക്കണമെന്നാണ് ചട്ടമെങ്കിലും നടപ്പാകുന്നില്ല.
പ്രധാന പാതയോരങ്ങളിലും ടൗണുകളിലും വൈദ്യുത കമ്പികൾ താഴ്ന്നു കിടക്കുന്നില്ലെങ്കിലും നിരത്തുകൾക്ക് കുറുകെയുള്ള ലൈനുകൾ ഭയപ്പെടുത്തുന്നതാണ്. തലങ്ങും വിലങ്ങുമുള്ള ലൈനുകളിൽ കൃത്യമായ പരിശോധന കുറവായതിനാൽ അപകടം ഉണ്ടായെങ്കിൽ മാത്രമേ ശോച്യാവസ്ഥ പുറത്ത് അറിയൂ. വൈദ്യുത കമ്പികൾക്ക് പുറമേ ചിലന്തിവല പോലെ വൈദ്യുതി തൂണുകളിൽ സ്ഥാപിച്ചിരിക്കുന്ന സർവീസ് വയറുകളും അപകടകരമാണ്. അതേ സമയം നാട്ടിൻപുറങ്ങളിലും പുരയിടങ്ങളിലും താഴ്ന്നു കിടക്കുന്ന വൈദ്യുത ലൈനുകൾ പതിവു കാഴ്ചയാണ്.
ടച്ചിംഗ് വെട്ടാൻ എന്താണ് തടസം?
കൃത്യമായ സമയത്ത് വൈദ്യുത കമ്പികളിലും ട്രാൻസ്‌ഫോമറുകളിലും പണികൾ നടത്തിയില്ലെങ്കിൽ അപകടം ഉറപ്പാണ്. എന്നാൽ ടച്ചിംഗ് വെട്ട് അടക്കമുള്ള ജോലികളിൽ ബോർഡ് ഉഴപ്പുന്നു. ലൈനുകൾക്ക് മുകളിലേയ്ക്ക് ചാഞ്ഞുകിടക്കുന്ന മരച്ചില്ലകളും കാടുകയറിയ ലൈനുകളും പതിവു കാഴ്ച. ലൈനുകൾ പരിശോധിച്ച് അപകടകരമായ മരച്ചില്ലകൾ മുറിച്ചു മറ്റേണ്ടത് മെയ്ന്റനൻസ് വിഭാഗമാണ്. സബ് എൻജിനിയറുടെ കീഴിൽ രണ്ട് ഓവർസീയർമാർക്കും മൂന്നു ലൈൻമാൻമാർക്കുമാണു ചുമതല.
മഴക്കാലത്തിന് മുൻപ് ടച്ചിംഗ് വെട്ടിയാൽ ആറു മാസം കഴിയുമ്പോൾ വീണ്ടും വെട്ടും. കരാർ നൽകിയാണ് വെട്ടൽ.
ഓർക്കാം ഇക്കാര്യങ്ങൾ
ഇസ്തിരിയിടുമ്പോൾ റബർ ചെരുപ്പ്/തടിപ്പലക/റബർമാറ്റ് എന്നിവയിൽ നിൽക്കുക
മിക്‌സി, ഗ്രൈൻഡർ, വാഷിംഗ് മെഷീൻ എന്നിവ തുറക്കുംമുൻപ് സ്വിച്ച് ഓഫാക്കുക.
എർത്ത് പൈപ്പ് കമ്പി മുറിച്ചു മാറ്റുകയോ പൈപ്പ് പിഴുതു മാറ്റുകയോ ചെയ്തരുത്
പ്ലഗുകൾ കുത്തുമ്പോഴും തിരിച്ച് ഊരുമ്പോഴും സ്വിച്ച് ഓഫാണെന്ന് ഉറപ്പാക്കുക.
സ്‌റ്റേ വയറിൽ കാലികളെ കെട്ടുകയോ തുണിയിടുകയോ തൊടുകയോ അരുത്
പൊട്ടി വീണ ലൈനിനിൽ നിന്ന് കുറഞ്ഞത് അഞ്ചു മീറ്ററിനിപ്പുറമേ നൽക്കാവൂ
8
ദിവസത്തിനിടെ
4
മരണം
വൈദ്യുതാഘാതമേറ്റത് 60 പേർക്ക്
ഇതുവരെ മരിച്ചത് 10 പേർ