file
എം.ജി സർവകലാശാല അദാലത്തു രേഖകൾ പുറത്തുപോയതിനെക്കുറിച്ച് അന്വേഷിക്കാൻ ജോയിൻട് രജിസ്ടാറുടെ നേതൃത്വത്തിൽ അന്വേഷണ കമ്മീഷനെ നിയമിച്ചുള്ള ഉത്തരവ്

കോട്ടയം : എം.ജി സർവകലാശാലയിലെ മാർക്ക് ദാനം തീരുമാനിച്ച വിവാദ ഫയൽ അദാലത്തിന്റെ രഹസ്യ രേഖകൾ പുറത്തുപോയതിന്റെ ഉത്തരവാദിത്വം ജീവനക്കാരുടെ തലയിൽ കെട്ടിവച്ച് നടപടിയെടുക്കാൻ നീക്കമാരംഭിച്ചു. ഇതിന്റെ ഭാഗമായി ജോയിന്റ് രജിസ്ട്രാറുടെ (ഭരണവിഭാഗം) നേതൃത്വത്തിൽ അന്വേഷണ കമ്മിഷനെ നിയമിച്ചു.

രജിസ്ട്രാർ സാബുക്കുട്ടനെയാണ് ആദ്യം അന്വേഷണത്തിന് നിയോഗിച്ചത്. എന്നാൽ ഭാരിച്ച മറ്റ് ചുമതലകൾ ഉണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞു. തുടർന്നാണ് ജോയിന്റ് രജിസ്ട്രാർക്ക് ചുമതല നൽകിയത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് രഹസ്യ രേഖകൾ സംഘടിപ്പിച്ചു കൊടുത്തത് കോൺഗ്രസ് യൂണിയൻകാരാണെന്ന് കണ്ടെത്തിയാണ് അന്വേഷണം. മന്ത്രി കെ.ടി.ജലീൽ സർവകലാശാലകളിൽ ഇടപെട്ടതിന്റെ വിവരാവകാശ രേഖകൾ സംഘടിപ്പിക്കാൻ മുൻകൈയെടുത്തത് കോൺഗ്രസ് നേതൃത്വത്തിലുള ഫെഡറേഷന്റെ ഉന്നത നേതാവായിരുന്നു. എം. ജി സർവകലാശാലയിൽ നിന്ന് രേഖകൾ സംഘടിപ്പിച്ച ശേഷമാണ് ജലീലിനെതിരെ ചെന്നിത്തല വാർത്താ സമ്മേളനങ്ങൾ തുടങ്ങിയത്.

വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്ക് മന്ത്രി ജലീലിനെ പ്രതിസ്ഥാനത്തു നിറുത്താൻ കഴിയുന്ന വിവരങ്ങൾക്ക് പുറമേ എം.ജി സർവകലാശാല എംപ്ലോയീസ് അസോസിയേഷൻ നേതാവും പിന്നീട് സിൻഡിക്കേറ്റംഗവും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെ.ഷെറഫുദീന്റെ ഇടപെടലിന്റെ വിവരങ്ങൾ നൽകിയതും കോൺഗ്രസ് യൂണിയൻ നേതാക്കളാണെന്ന് മനസിലാക്കിയതോടെയാണ് അന്വേഷിക്കാൻ തീരുമാനിച്ചത്. ഇതിൽ സർക്കാരിന്റെ ഇടപെടലും ഉണ്ട്.

ജീവനക്കാർക്കെതിരെ നടപടി ഉണ്ടായാൽ പ്രക്ഷോഭത്തിനുള്ള നീക്കത്തിലാണ് കോൺഗ്രസ് യൂണിയൻ. ബി.ടെക് പരീക്ഷ തോറ്റ ജഡ്ജിയുടെ മകനെയും സഹായിക്കാൻ രണ്ടു മാർക്ക് കൂട്ടിക്കൊടുക്കുന്ന അദാലത്തിലെ പ്രഖ്യാപനം ചട്ടവിരുദ്ധമാണന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടിയതോടെയാണ് സിൻഡിക്കേറ്റിൽ അഞ്ച് മാർക്ക് കൂട്ടികൊടുക്കുന്ന തീരുമാനമുണ്ടായത്. ഇതിന്റെ ഫയലുകളിലെല്ലാം കോൺഗ്രസ് സംഘടനയിലെ ഉന്നത ജീവനക്കാർ വിയോജന കുറിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. വിവരാവകാശ നിയമപ്രകാരം മറുപടി നൽകേണ്ട ഉന്നതോദ്യോഗസ്ഥൻ വിവരങ്ങൾ നൽകിയതിന് തങ്ങൾ എന്തു പിഴച്ചെന്നും വിവരങ്ങൾ പുറത്തുപോയതിന് നിയമപരമായി എങ്ങനെ നടപടി എടുക്കുമെന്നുമാണ് സംഘടനാ നേതാക്കൾ ചോദിക്കുന്നത്.