വൈക്കം: മടവീണ് വടയാർ വില്ലേജിൽ തെക്കേക്കരി പാടശേഖരത്തെ 220 ഏക്കർ കൃഷി നശിച്ചു.
വിതച്ച് നാലാം ദിവസമാണ് ഓർക്കാപ്പുറത്ത് കനത്ത മഴയുണ്ടായത്. 152 കർഷകർ ചേർന്നാണ് ഇക്കുറി കൃഷി ഇറക്കിയത്. വിതച്ച ശേഷം പുറം ബണ്ടുകളും മടകളും ബലപ്പെടുത്തിയെങ്കിലും പെട്ടെന്നുണ്ടായ വെള്ളപ്പൊക്കം സംരക്ഷണ വലയങ്ങൾ തകർത്തു. കൃഷിയുടെ സംരക്ഷണത്തിനായി സ്ഥാപിച്ചിരുന്ന മോട്ടോർ പുരയും പ്രളയജലത്തിൽ പ്രവർത്തന രഹിതമായി. കർഷക കൂട്ടായ്മയിൽ നിലമൊരുക്കി വിത്തുപാകിയപ്പോൾ 33 ലക്ഷം രൂപയാണ് ചെലവായതെന്ന് പാടശേഖര സമിതി ഭാരവാഹികൾ പറഞ്ഞു. ഈ അധ്വാനമാണ് നിമിഷങ്ങൾ കൊണ്ട് പ്രളയത്തിൽ ഒലിച്ചുപോയത്.
ഏറ്റവും നല്ല വിളവു കിട്ടിയിരുന്ന കൃഷി മേഖലയാണിത്. കഴിഞ്ഞ വർഷം 500 ടൺ നെല്ല് സിവിൽ സപ്ലൈസിന് വിറ്റഴിച്ചതാണ്. ആ പ്രതീക്ഷയാണ് ഇക്കുറി പ്രളയജലം തകർത്തത്. വീണ്ടും കൃഷി ഇറക്കണമെങ്കിൽ വിത്തും വളവും ലഭ്യമാക്കണം. പുറംബണ്ടുകളും മടകളും ബലപ്പെടുത്തണം. ഇതിനായി ഭാരിച്ചൊരു തുക ചെലവു വരും. നാല് കിലോമീറ്റർ ചുറ്റളവ് വരുന്ന പാടശേഖരത്തിന്റെ പുറംബണ്ടുകൾ അരമീറ്റർ ഉയർത്തി ബലപ്പെടുത്തിയാൽ മാത്രമേ ശാശ്വത പരിഹാരം ഉണ്ടാകൂ. സർക്കാറിന്റെ ഭാഗത്തു നിന്ന് സഹായം ഉണ്ടായാൽ മാത്രമേ വീണ്ടുമൊരു കൃഷിയെപ്പറ്റി ചിന്തിക്കാൻ പറ്റുകയുള്ളെന്ന് പാടശേഖരസമിതി പ്രസിഡന്റ് പി. ആർ. രാജീവ്, കൺവീനർ ടി. വി. രാജീവ്, ട്രഷറർ മോഹൻദാസ് എന്നിവർ പറഞ്ഞു.