പാലാ : മഹാകവി കുമാരനാശാനും പാലാ നാരായണൻനായർക്കും പാലായിൽ സ്മാരകം നിർമ്മിക്കണമെന്ന ആവശ്യത്തിന് ഒടുവിൽ അനുകൂല നിലപാടുമായി പാലാ നഗരസഭ. അടുത്ത കൗൺസിൽ യോഗം ഈ വിഷയം ചർച്ച ചെയ്യുമെന്ന് ചെയർപേഴ്‌സൺ ബിജി ജോജോ പറഞ്ഞു. സ്മാരകം നിർമ്മിക്കുന്നതിൽ നഗരസഭ അലംഭാവം കാട്ടുകയാണെന്ന് ചൂണ്ടിക്കാട്ടി കേരളകൗമുദി കഴിഞ്ഞദിവസങ്ങളിൽ തുടർവാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. മഹാകവികളുടെ സ്മാരക കാര്യം കൗൺസിൽ യോഗങ്ങളിൽ ആരും ഉന്നയിക്കാത്തതിനാലാണ് വിഷയം ചർച്ച ചെയ്യാത്തതെന്ന വിചിത്ര നിലപാടാണ് നഗരസഭ സ്വീകരിച്ചിരുന്നത്. ഇതിനിടെ പാലാ തെക്കേക്കര ചിൽഡ്രൻസ് പാർക്കിന് മഹാകവി കുമാരനാശാന്റെ പേര് നൽകുന്നതുമായി ബന്ധപ്പെട്ട വിഷയം കൗൺസിൽ യോഗം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൗൺസിലർ അഡ്വ. ബിനു പുളിക്കകണ്ടം നഗരസഭയ്ക്ക് കത്ത് നൽകി. വർഷങ്ങളായി ഇതേ ആവശ്യവുമായി എസ്.എൻ.ഡി.പി യോഗം തെക്കേക്കര ശാഖ രംഗത്തുണ്ടെങ്കിലും നഗരസഭാ അധികൃതർ ഒരു പ്രതികരണത്തിന് പോലും തയ്യാറായിരുന്നില്ല. ളാലം പാലം ജംഗ്ഷന് പാലാ നാരായണൻ നായരുടെ പേര് നൽകുന്നതിന് തത്വത്തിൽ തീരുമാനമായിട്ടുണ്ടെന്ന് ചെയർപേഴ്‌സൺ അറിയിച്ചു. ഹൈന്ദവ ജനവിഭാഗങ്ങളുടെ ന്യായമായ മുഴുവൻ ആവശ്യങ്ങളും അംഗീകരിക്കുമെന്നും ഇക്കാര്യത്തിൽ തെറ്റിദ്ധാരണ വേണ്ടെന്നും അവർ പറഞ്ഞു.