വൈക്കം : മഹാദേവ ക്ഷേത്രത്തിലെ അഷ്ടമിയുടെ മുന്നോടിയായി നടക്കുന്ന സമൂഹസന്ധ്യവേല നവംബർ 2ന് ആരംഭിക്കും. 2ന് വൈക്കം സമൂഹം, 4ന് തെലുങ്ക് സമൂഹം, 5ന് തമിഴ് വിശ്വബ്രഹ്മ സമാജം, 6ന് വടയാർ സമൂഹം എന്നിവരുടെ സന്ധ്യ വേലകളാണ് ക്ഷേത്രത്തിൽ നടത്തുന്നത്.
വൈക്കം സമൂഹത്തിന്റെ സന്ധ്യ വേലയുടെ അരിയളക്കൽ നവംബർ 1ന് ദീപാരാധനക്ക് ശേഷം ക്ഷേത്ര കലവറയിൽ സമൂഹം പ്രസിഡന്റ് ബാലചന്ദ്രൻ നിർവഹിക്കും.
സന്ധ്യ വേല ദിവസം രാവിലെയും വൈകിട്ടും ആനപ്പുറത്തെഴുന്നള്ളിപ്പ്, പ്രാതൽ, വിശേഷാൽ അഭിഷേകങ്ങൾ, ദീപാരാധനക്ക് ശേഷം ഒറ്റപ്പണ സമർപ്പണം എന്നിവ നടക്കും.
തെലുങ്ക് സമൂഹത്തിന്റെ സന്ധ്യ വേലയുടെ അരിയളക്കൽ 3 ന് ക്ഷേത്ര കലവറയിൽ നടക്കും. സന്ധ്യ വേല നാളിൽ ആയിരക്കുടം പ്രാതൽ, വിവിധ അഭിഷേകങ്ങൾ എന്നിവ ഉണ്ടാവും. തമിഴ് വിശ്വബ്രഹ്മ സമാജത്തിന്റെ അരിയളക്കൽ 4ന് സമാജം ചെയർമാൻ എൻ. സുന്ദരൻ ആചാരി നിർവഹിക്കും. വിവിധ കരയോഗം ഭാരാവാഹികൾ പങ്കെടുക്കും. സന്ധ്യ വേല ദിനമായ 5ന് പ്രാതൽ, അത്താഴ ഊട്ട്, അഭിഷേകങ്ങൾ എന്നിവയാണ് പ്രധാന ചടങ്ങുകൾ. സമാപന സന്ധ്യ വേല വടയാർ സമൂഹമാണ് നടത്തുന്നത്. നവംബർ 6 ന് നടക്കുന്ന സന്ധ്യ വേലയുടെ അരിയളക്കൽ 5നാണ്. സന്ധ്യ വേല നാളിൽ പ്രാതൽ, അഭിഷേകങ്ങൾ, ഒറ്റപ്പണ സമർപ്പണം എന്നീ ചടങ്ങുകളും നടത്തും.