seminar

വൈക്കം : സന്തുലിത വികസനം ഉറപ്പാക്കുംവിധം കേരളത്തിലെ ഭൂവിനിയോഗ ശീലങ്ങൾ പുനഃസംവിധാനം ചെയ്യണമെന്നും ഇതിനായി സാമൂഹിക നിയന്ത്റണം ശക്തിപ്പെടുത്തണമെന്നും കേരള റവന്യു ഡിപ്പാർട്ട്‌മെന്റ് സ്​റ്റാഫ് അസോസിയേഷൻ (കെ.ആർ.ഡി.എസ്.എ) ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാർ അഭിപ്രായപ്പെട്ടു. മേഖലാവൽക്കരണം അടിയന്തിരമായി നടപ്പാക്കി ഭൂമിയിൽ ആർക്കും എന്തും ചെയ്യാമെന്ന ദുഃസ്ഥിതി അവസാനിപ്പിക്കണം. ഒരു പ്രദേശത്തെ ഭൂവിനിയോഗം പാരിസ്ഥിതിക പ്രത്യേകതകൾ പരിഗണിച്ചു ക്രമപ്പെടുത്തണം. തന്നിഷ്ടപ്രകാരം ഘടനാപരമായ മാ​റ്റങ്ങൾ ഭൂമിയിൽ വരുത്തുന്നത് കർശനമായി തടയണമെന്നും സെമിനാർ ആവശ്യപ്പെട്ടു. 'ഭൂവിനിയോഗം കേരളത്തിൽ പ്രശ്‌നങ്ങളും പ്രതിവിധികളും' എന്ന വിഷയത്തിൽ നടന്ന സെമിനാർ സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ ഉദ്ഘാടനം ചെയ്തു. ഇണ്ടംതുരുത്തി മനയിൽ നടന്ന സെമിനാറിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ.രമേശൻ അദ്ധ്യക്ഷത വഹിച്ചു. കെ.ആർ.ഡി.എസ്.എ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അശോക് വിഷയാവതരണം നടത്തി. സി.കെ.ആശ എം.എൽ.എ, ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതൻ, മുൻ എം.എൽ.എ കെ.അജിത്ത്, ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് പ്രകാശ് എൻ.കങ്ങഴ, എൻ.കെ രതീഷ്‌കുമാർ, കെ.പി ദേവസ്യ എന്നിവർ പ്രസംഗിച്ചു. വൈകിട്ട് ജില്ലയിലെ റവന്യു ജീവനക്കാരുടെ നേതൃത്വത്തിൽ ഗാനസന്ധ്യയും നടത്തി. ഇന്നു രാവിലെ 10.30ന് വൈക്കം സത്യഗ്രഹസ്മാരക ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.വിജയകുമാരൻ നായർ ഉദ്ഘാടനം ചെയ്യും.