പാലാ : 22 പേരുടെ ജീവൻ കവർന്ന ഐങ്കൊമ്പ് ബസ് ദുരന്തം നടന്നിട്ട് ഇന്നലെ ഇരുപത്തൊന്നാണ്ട് തികഞ്ഞു. 1998 ഒക്‌ടോബർ 22 നാണ് പാലായിൽ നിന്ന് നിറയെ യാത്രക്കാരുമായി തൊടുപുഴയ്ക്ക് പോയ പ്രശാന്ത് ബസ് ഐങ്കൊമ്പ് അഞ്ചാം മൈലിന് സമീപം അപകടത്തിൽപെട്ടത്. റോഡിന് സമീപമുള്ള തിട്ടയിലിടിച്ച് മറിഞ്ഞ ബസിന് തീപിടിക്കുകയായിരുന്നു. വാതിലുകൾ ഉൾപ്പെടുന്ന വശം റോഡിനടിയിലായതിനാൽ പലർക്കും പുറത്തുകടക്കാനായില്ല. മുൻവശത്തെയും പിൻവശത്തെയും ഗ്ലാസുകൾ തകർത്ത് കുറച്ചുപേർ പുറത്തേക്ക് രക്ഷപ്പെട്ടപ്പോഴേക്കും ബസിൽ തീപടർന്നിരുന്നു. നിമിഷനേരം കൊണ്ട് ബസ് പൂർണമായും അഗ്‌നിക്കിരയായി. മരിച്ചവരിൽ ഒരു പിഞ്ചുകുഞ്ഞുമുണ്ടായിരുന്നു. നിരവധിപ്പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. മൃതദേഹങ്ങൾ പലതും ദിവസങ്ങളെടുത്താണ് തിരിച്ചറിഞ്ഞത്. ബസിനുള്ളിൽ കന്നാസിൽ സൂക്ഷിച്ചിരുന്ന പെട്രോളിന് തീപിടിച്ചതായിരുന്നു അപകടകാരണം. പതിനഞ്ച് വർഷത്തോളം കോടതിയിൽ നിയമവ്യവഹാരം നടന്നു. മരണപ്പെട്ടവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും സർക്കാർ സഹായങ്ങളും നഷ്ടപരിഹാരവും വിതരണം ചെയ്തു. മരിച്ചവരുടെ ആഭരണങ്ങൾ തിരികെ കൈപ്പറ്റാൻ ആരും എത്താത്തതിനെ തുടർന്ന് കഴിഞ്ഞ വർഷം വരെ സൂക്ഷിച്ചിരുന്നു. 100 ഗ്രാമിന് മുകളിൽ സ്വർണവും നാലിരട്ടിയോളം വെള്ളിയാഭരണങ്ങളുടെ ഉരുപ്പടികളുമാണുണ്ടായിരുന്നത്. സമീപകാലത്ത് ഇവയെല്ലാം സർക്കാരിലേക്ക് കണ്ടുകെട്ടി.