dharna

കോട്ടയം: ജനക്ഷേമകാര്യങ്ങളിൽ മുനിസിപ്പൽ ഭരണസമിതി നഗരപാലികനിയമത്തിലെ ആക്ടും റൂളും കൃത്യമായി പാലിക്കണമെന്നും ചട്ടം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് വേറിട്ടൊരു ജനകീയ ധർണ. നഗരപരിധിയിലെ വിവിധ റസി‌ഡന്റ്സ് വെൽഫെയർ അസോസിയേഷനുകളെ പ്രതിനിധീകരിച്ചെത്തിയ 43 പേരാണ് ഇന്നലെ കോട്ടയം മുനിസിപ്പൽ സെക്രട്ടറിയുടെ ഓഫീസിന് മുമ്പിൽ ധർണ നടത്തിയത്. ആവശ്യങ്ങളും ആവലാതികളും എണ്ണിപ്പറഞ്ഞ് മുഷ്ടിചുരുട്ടി മുദ്രാവാക്യം മുഴക്കുന്ന പഴയസമര രീതികൾ കൊണ്ട് യാതൊരു പ്രയോജനവുമില്ലാതായപ്പോഴാണ് നഗരപാലിക നിയമത്തിലെ ആക്ടും ചട്ടങ്ങളും അക്കമിട്ട് നിരത്തിയ നിവേദനവുമായി സമരം ചെയ്തതെന്ന് ഇവർ പറയുന്നു. മാലിന്യ സംസ്കരണം, ശുദ്ധജലലഭ്യത, പൊതുജനാരോഗ്യ സംരക്ഷണം, ഹെൽത്ത് ഇൻസ്പെക്ടർമാരുടെ സേവനത്തിലെ അപാകതകൾ, നഗരപരിധിയിൽ സ്വകാര്യ വാഹനങ്ങൾക്ക് സൗജന്യ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തുന്നത് സംബന്ധിച്ച്, റോഡ് അപകടങ്ങൾ ഒഴിവാക്കാനുള്ള നിർദ്ദേശം, കൃഷി തുടങ്ങിയ പത്ത് ആവശ്യങ്ങളാണ് സമരക്കാർ നിവേദനത്തിലൂടെ ഉന്നയിച്ചിരിക്കുന്നത്. മുനിസിപ്പൽ സെക്രട്ടറി, വാർഡ് കൗൺസിലർ, അതത് വാർഡുകളിലെ പരാമർശ വിഷയത്തിൽ ചുമതലക്കാരായ മറ്റ് ഉദ്യോഗസ്ഥർ എന്നിവരെ എതൃകക്ഷികളാക്കിയാണ് നിവേദനം. ഇതിന് നീതിയുക്തമായ പരിഹാരം ഉണ്ടാകുന്നില്ലെങ്കിൽ ഇതേ എതൃകക്ഷികൾക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും സമരക്കാർ മുന്നറിയിപ്പ് നൽകി.

ഗ്രീൻഫ്രട്ടേണിറ്റി അഡ്വക്കേറ്റ് കമ്മിറ്റി ചെയർമാൻ അഡ്വ. സന്തോഷ് കണ്ടംചിറ ധർണ ഉദ്ഘാടനം ചെയ്തു. ഗ്രീൻഫ്രട്ടേണിറ്റി പ്രസിഡന്റ് ഡോ. ജേക്കബ് ജോർജ് അദ്ധ്യക്ഷത വഹിച്ചു.