തലയോലപ്പറമ്പ്: കനത്ത മഴയിൽ വെള്ളൂർ പഞ്ചായത്ത് 12 വാർഡിലെ പാറയ്ക്കൽ-തട്ടാവേലി തീരദേശ റോഡ് മൂവാറ്റുപുഴ ആറ്റിലേക്ക് ഇടിഞ്ഞുതാണു. പറയ്ക്കൽ കടത്ത് കടവിന് സമീപമുള്ള റോഡിന്റെ 50 മീറ്ററോളം ഭാഗമാണ് ഇടിഞ്ഞത്. ആറ്റുതീരത്തിന്റെ മറ്റൊരു ഭാഗത്ത് റോഡിന് കുറുകെ വിള്ളൽ വീണതും പ്രദേശവാസികളെ കൂടുതൽ ഭീതിയിലാക്കിയിരിക്കുകയാണ്. സ്‌കൂൾ വാഹനങ്ങൾ ഉൾപ്പടെ നൂറ് കണക്കിന് വാഹനങ്ങൾ നിത്യേന കടന്നു പോകുന്ന റോഡിന്റെ തീരം ഇടിഞ്ഞതും വിള്ളൽ രൂപപ്പെട്ടതും നാട്ടുകാരെ ഏറെ ആശങ്കയിലാക്കിയിരിക്കുകയാണ്. ആറ്റുതീരം കരിങ്കൽ ഭിത്തി കെട്ടി സംരക്ഷിക്കണമെന്ന് പ്രദേശവാസികൾ നാളുകളായി ആവശ്യം ഉന്നയിക്കാറുണ്ടെങ്കിലും ബന്ധപ്പെട്ട അധികൃതർ യാതൊരു നടപടിയും സ്വീകരിക്കാത്തത് ഏറെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഭാരവണ്ടികൾ ഉൾപ്പടെയുള്ളവ കടന്ന് പോകുമ്പോൾ തീരം കൂടുതൽ ഇടിയാൻ സാദ്ധ്യത ഏറെയാണെന്നും സംരക്ഷണഭിത്തി ഇല്ലാത്തതിനാൽ എതിരെ വരുന്ന വാഹനങ്ങൾക്ക് അരിക് കൊടുക്കുമ്പോൾ വാഹനങ്ങൾ പുഴയിലേക്ക് പതിഞ്ഞ് ദുരന്തത്തിന് വരെ കാരണമാകുമെന്നും സമീപവാസികൾ പറയുന്നു. ഇടിഞ്ഞ ഭാഗം അടിയന്തിരമായി പുനർ നിർമ്മിക്കണമെന്ന ആവശ്യം ശക്തമാണ്. പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു.