afeel

ഈരാറ്റുപേട്ട: ഫുട്ബാൾ ലോകത്ത് കുതിക്കാനുള്ള മോഹവുമായി പാറിപ്പറന്ന് നടന്ന അഫീലിന് നാട് കണ്ണീരോടെ വിടനൽകി. പാലാ സിന്തറ്റിക് ട്രാക്കിൽ നടന്ന സംസ്ഥാന ജൂനിയർ അ‌ത്‌ലറ്റിക്സ് മീറ്റിനിടെ ഹാമർ തലയിൽ പതിച്ച് മരിച്ച അഫീൽ ജോൺസണ് ഇനി ചൊവ്വൂർ സെന്റ് മാത്യൂസ് സി.എസ്.ഐ പള്ളിയിസെമിത്തേരിയിൽ നിത്യനിദ്ര. വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ നിറമിഴികളോടെയാണ് നാട് അഫീലിന് യാത്രാമൊഴിയേകിയത്..

ഇന്നലെ രാവിലെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം കളക്ടർ സുധീർ ബാബുവിന്റെ നേതൃത്വത്തിൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നിൽകി. തുടർന്ന് വിലാപയാത്രയായാണ് പാലായിലേയ്ക്ക് കൊണ്ടുപോയത്. അഫീൽ പഠിക്കുന്ന പാലാ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിലും അപകടമുണ്ടായ പാലാ നഗരസഭാ സ്റ്റേഡിയത്തിലും പൊതുദർശനത്തിന് വച്ച ശേഷമാണ് ഈരാറ്റുപേട്ട ചൊവ്വൂർ കുറിഞ്ഞാംകുളത്ത് വീട്ടിലെത്തിച്ചത്. വഴിയുടെ ഇരുഭാഗത്തും പൊതുദർശനത്തിന് വച്ച ഇടങ്ങളിലും അഫീലിനെക്കാൻ നാട്ടുകാർ കാത്തു നിന്നു. പാലാ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ വിങ്ങിപ്പൊട്ടിയാണ് അഫീലിന് സഹപാഠികളും അദ്ധ്യാപകരും അന്തിമോപചാരം അർപ്പിച്ചത്.
കൊച്ചുവീട്ടിലെ സ്ഥലപരിമിതി മൂലം അധികം വൈകാതെ മൃതദേഹം പള്ളിയിലേയ്ക്ക് മാറ്റുമ്പോഴും അന്തിമോപചാരം അർപ്പിക്കാനുള്ളവരുടെ നീണ്ടനിരയായിരുന്നു. പ്രദേശവാസികളം സഹപാഠികളും അടക്കം രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും അടക്കം നൂറ് കണക്കിന് പേർ പള്ളിയിലെത്തി. മുഖ്യമന്ത്രിക്ക് വേണ്ടി ആർ..ഡി..ഒ അനിൽ ഉമ്മനും കളക്ടർക്ക് വേണ്ടി തഹസിൽദാർ രാജേന്ദ്രബാബുവും അന്തിമോപചാരം അർപ്പിച്ചു..

ഏകമകന്റെ വേദനയിൽ ചങ്ക് പൊട്ടി നിലവിളിക്കുന്ന മാതാപിതാക്കളായ ജോൺസണെയും ഡാർലിയെയും ആശ്വസിപ്പിക്കാൻ എല്ലാവരും പ്രയായപ്പെട്ടു. മൂന്നരയോടെ സി.എസ്.ഐ ഈസ്റ്റ് കേരള മഹായിവക ബിഷപ് വി.എസ് ഫ്രാൻസിസ് തിരുമേനിയുടെ കാർമികത്വത്തിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിച്ചു. അപകടദിവസം മുതൽ ആശുപത്രിയിലായിരുന്ന മാതാപിതാക്കൾ,​ ഏകമൻ ജീവിതത്തിലേയ്ക്ക് മടങ്ങിവരുമെന്ന പ്രതീക്ഷിയിലായിരുന്നു. ഒടുവിൽ വിങ്ങിപ്പൊട്ടുന്ന ഹൃദയത്തോടെ അഫീലിനെ കുടുബക്കലറയിലേയ്ക്ക് നീക്കി. ചങ്കുപിളരുന്ന വേദനയിൽ കല്ലറയിലേയ്ക്ക് ഒരുപിടി മണ്ണ് വാരിയിട്ട് പ്രാർത്ഥിച്ചു.