തലയോലപ്പറമ്പ്: മഴയ്ക്ക് നേരിയ ശമനമുണ്ടായിട്ടും തലയോലപ്പറമ്പിലേയും ഉദയനാപുരത്തേയും താഴ്ന്ന പ്രദേശങ്ങളിൽ നിന്നും കയറിയ വെള്ളം ഇനിയം ഇറങ്ങിയിട്ടില്ല. തലയോലപ്പറമ്പ് വടയാറിലെ കോരിക്കൽ,തേവലക്കാട്, പഴമ്പെട്ടി തുടങ്ങിയ സ്ഥലങ്ങളിലും ഉദയനാപുരത്തെ മുട്ടുങ്കൽ ,വാഴമന, പടിഞ്ഞാറെക്കര ഭാഗത്തും നിരവധി വീടുകൾ വെള്ളക്കെട്ടിലാണ്. കോരിക്കൽ ഭാഗത്തെ നിരവധി വീടുകൾക്കുള്ളിൽ വെള്ളം കയറിയതോടെ താഴ്ന്ന പ്രദേശങ്ങളിലെ നിർദ്ധന കുടുംബങ്ങൾ കടുത്ത ദുരിതത്തിലായി. ഒഴുകിയെത്തിയ മാലിന്യങ്ങൾ വീടിനകത്തും പരിസരത്തും നിറഞ്ഞു. തോടുകളിലും കരിയാറിലും ജലനിരപ്പുയർന്നതോടെ വിതച്ചു ദിവസങ്ങളായ പാടത്തും വിതയ്ക്കാൻ ഒരുക്കിയ പാടശേഖരങ്ങളും വെള്ളത്തിൽ മുങ്ങിയതോടെ കർഷകരും വിഷമവൃത്തത്തിലായി.