കോട്ടയം: ശ്രീനാരായണ മിഷൻ ഫോർ ലൈഫ് എക്സലൻസിന്റെ (സ്മൈൽ) ആഭിമുഖ്യത്തിൽ കോട്ടയം തിരുവാതുക്കൽ ശ്രീനാരായണദർശന വിചാരകേന്ദ്രം 27ന് പ്രവർത്തനം ആരംഭിക്കും.

ഗുരുദേവചരിത്രം, കൃതികൾ, കേരളചരിത്രം, ഗുരുവിന് മുമ്പും സമാധിക്കുശേഷവുമുള്ള കേരളത്തിലെ സാമൂഹ്യസാഹചര്യങ്ങൾ, വേദാന്തഭാഷ്യം, ഗുരുദേവശിഷ്യന്മാരെ കുറിച്ചുള്ള പഠനം തുടങ്ങി സമഗ്രമായൊരു പാഠ്യപദ്ധതിക്ക് തുടക്കം കുറിക്കുകയാണ് സ്മൈലിന്റെ ലക്ഷ്യം. എല്ലാമാസവും ഒന്നും മൂന്നും ഞായറാഴ്ചകളിലായി 18 മാസം നീണ്ടുനിൽക്കുന്ന കോഴ്സിൽ ശിവഗിരി മഠത്തിലെ സന്യാസിമാർ ക്ലാസ് നയിക്കും. ശ്രീനാരായണ ധർമ്മ പ്രചാരകർ ഉൾപ്പെടെ ഈ വിഷയത്തിൽ പഠനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് കോഴ്സിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ 27ന് രാവിലെ 9.30ന് തിരുവാതുക്കൽ ശ്രീനാരായണധർമ്മസമിതി ഹാളിൽ എത്തിച്ചേരണമെന്ന് സെക്രട്ടറി ബെൻസാൽ മോൻസി അറിയിച്ചു. വിവരങ്ങൾക്ക്: 8157029033.

എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം. മധു പഠനക്ലാസ് ഉദ്ഘാടനം ചെയ്യും. ശിവഗിരി ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് ഖജാൻജി സ്വാമി ശാരദാനന്ദ അദ്ധ്യക്ഷത വഹിക്കും ഏകലോകദർശകനായ ശ്രീനാരായണഗുരു എന്ന വിഷയത്തിൽ സ്വാമി സച്ചിദാനന്ദ ക്ലാസ് എടുക്കും. സ്വാമി ധർമ്മചൈതന്യ, സ്വാമി ഗുരുപ്രകാശം, സ്വാമിനി നിത്യചിന്മയി മാതാജി എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും.