കണമല : പേര് പോലൊരു വളവ്. അതും റ പോലെ ,എതിർവശത്ത് പോക്കറ്റ് റോഡും. സുരക്ഷിതമായി പോകണമെങ്കിൽ വേഗത നന്നായി കുറയ്ക്കണമെന്ന് മാത്രമല്ല കണ്ണിമ ചിമ്മാതെ ഡ്രൈവും ചെയ്യണം. കണമലയിൽ നിന്നു മൂക്കംപെട്ടിയിലേക്കുള്ള റോഡിൽ ബി.എസ്.എൻ.എൽ പടിയിലെ വളവാണ് യാത്രക്കാരുടെ പേടിസ്വപ്നമാകുന്നത്. ശബരിമല പാതയായതിനാൽ വൃശ്ചികം 1 മുതൽ നിരവധി തീർത്ഥാടക വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്.
കണമല ഇറക്കത്തിന്റെ സമാന്തര പാതയായി നിർമ്മിച്ച കീരിത്തോട് ബൈപാസ് റോഡ് ഇവിടെയാണ് അവസാനിക്കുന്നത്. അപകടസാധ്യതകൾ പരിഹരിക്കാതെയാണ് റോഡ് നവീകരണം നടക്കുന്നതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. അപകടവളവുകൾ നിവർത്തി റോഡ് നവീകരിക്കണമെന്ന ആവശ്യത്തോട് അധികൃതർ പുറംതിരിഞ്ഞ് നിൽക്കുകയാണ്. മുന്നറിയിപ്പ് ബോർഡുകളും ഇവിടെ സ്ഥാപിച്ചിട്ടില്ല.
അപകടസൂചനാ മുന്നറിയിപ്പ് ബോർഡുകളും എതിർവശത്തെ വാഹനങ്ങളെ കാണാൻ സാധിക്കുന്ന വലിയ കണ്ണാടിയും സ്ഥാപിച്ച് സുരക്ഷ ഏർപ്പെടുത്തണം
അനീഷ് വാഴയിൽ, വാർഡംഗം
അപകടം വരുന്നവഴി
റോഡിന്റെ മദ്ധ്യഭാഗവും കഴിഞ്ഞ് മറുവശത്ത് കൂടി സഞ്ചരിച്ചാലാണ് വലിയ വാഹനങ്ങൾക്ക് വളവ് മറികടക്കാനാവുക. ഈ സമയം എതിർദിശയിൽ നിന്ന് വാഹനങ്ങൾ എത്തിയാൽ അപകടമുറപ്പാണ്. നിരവധി അപകടങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. ശബരിമല പരമ്പരാഗത പാതയിലെ കാളകെട്ടി, അഴുത ക്ഷേത്രങ്ങളിലേക്കും മുണ്ടക്കയം, കുമളി റൂട്ടിലേക്കും തീർത്ഥാടകർ ഈ പാതയാണ് ഉപയോഗിക്കുന്നത്.