കോട്ടയം: ഗാന്ധിജിയുടെ മൊഴിയും പൊരുളും സത്യാന്വേഷണമായിരുന്നെന്നും സത്യം മൂർത്തമായ വസ്തുതയാണെന്ന് വിശ്വസിച്ച എഴുത്തുകാരനായിരുന്നു ഗാന്ധിജിയെന്നും പ്രൊഫ. എം.എൻ. കാരശേരി. മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഒഫ് ലെറ്റേഴ്‌സ് സംഘടിപ്പിച്ച വി.സി. ഹാരിസ് വൈജ്ഞാനിക സദസിൽ 'ഗാന്ധി: മൊഴിയും പൊരുളും' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
എഴുത്തുകാരൻ എന്ന നിലയിൽ വലിയ സംഭാവനകളാണ് ഗാന്ധിജി നൽകിയിട്ടുള്ളത്. അദ്ദേഹത്തിന്റെ എഴുത്തുകളുടെ ശേഖരം വളരെ വലുതാണ്. പത്രപ്രവർത്തകനായിരുന്ന കാലഘട്ടത്തിലും സത്യത്തെ മുറുകെപ്പിടിച്ച് വാക്ക് ശക്തമായി ഉപയോഗിച്ചിരുന്നു അദ്ദേഹം. ഗാന്ധിജിയെ വിമർശിക്കാമെങ്കിലും അവഗണിക്കരുത്. മതം രാഷ്ട്രത്തെ സേവിക്കലാണ് എന്നതായിരുന്നു ഗാന്ധിജിയുടെ കാഴ്ചപ്പാട്. എന്നാലിന്ന് മതം, കച്ചവടം, രാഷ്ട്രീയം എന്നിവ ഒന്നിച്ച്, തിരിച്ചറിയാൻ കഴിയാത്തവിധം കുഴഞ്ഞുമറിഞ്ഞിരിക്കുന്നു. ഭരണഭാഷ മാതൃഭാഷയായിരിക്കണമെന്നായിരുന്നു ഗാന്ധിജിയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
വൈജ്ഞാനിക സദസിന്റെ പൊതുസമ്മേളനം പ്രോ വൈസ് ചാൻസലർ പ്രൊഫ. സി.ടി. അരവിന്ദകുമാർ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ഒഫ് ലെറ്റേഴ്‌സ് ഡയറക്ടർ ഡോ. കെ.എം. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. എം.ടി. അൻസാരി പ്രബന്ധം അവതരിപ്പിച്ചു. പ്രൊഫ. കെ.എം. സീതി മോഡറേറ്ററായി. ഡോ. സജി മാത്യു, ഡോ. രേഖ രാജ് എന്നിവർ പങ്കെടുത്തു.