കോട്ടയം: മാനഭംഗക്കേസിൽ അടുത്തമാസം വിചാരണ ആരംഭിക്കാനിരിക്കെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും തന്നെ നിരന്തരം അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന് കാട്ടി പീഡനത്തിനിരയായ കന്യാസ്ത്രീ പരാതിയുമായി രംഗത്ത്. ഇതു സംബന്ധിച്ച് ദേശീയ വനിതാകമ്മിഷനും സംസ്ഥാന വനിതാകമ്മിഷനും കന്യാസ്ത്രീ പരാതി നല്കി. അനുയായികളെ ഉപയോഗിച്ച് യു ട്യൂബ് ചാനലുകളിലൂടെയും മറ്റുമാണ് തന്നെ നിരന്തരം അപമാനിക്കുന്നതെന്ന് വനിതാ കമ്മിഷന് നല്കിയ പരാതിയിൽ പറയുന്നു.

വീഡിയോ ലിങ്ക് ഉൾപ്പെടെയുളള തെളിവുകൾ ഹാജരാക്കിയാണ് കഴിഞ്ഞ 19ന് കന്യാസ്ത്രീ കുറവിലങ്ങാട് പൊലീസിൽ പരാതി നല്കിയത്. പരാതിയെത്തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത കുറവിലങ്ങാട് പൊലീസ് ബിഷപ്പ് ഫ്രാങ്കോയ്ക്ക് സമൻസ് കൈമാറി. പൊലീസ് ജലന്തറിൽ എത്തിയാണ് ഇന്നലെ സമൻസ് കൈമാറിയത്. നവംബർ 11ന് കോട്ടയം അഡീഷണൽ ജില്ലാ സെക്ഷൻസ് കോടതിയിൽ നേരിട്ട് ഹാജരാവണമെന്നാണ് സമൻസിൽ വ്യക്തമാക്കിയിട്ടുള്ളത്.

അതേസമയം,പരാതിക്കാരിയായ കന്യാസ്ത്രീയുടെ ഫോട്ടോ ഉൾപ്പെടെയുളള വാർത്താക്കുറിപ്പ് ജലന്തർ രൂപത പുറത്തിറക്കിയിരുന്നു. ഇതിനെതിരെ കന്യാസ്ത്രീ നല്കിയ കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിലാണ്.

2014 മുതൽ 2016 വരെയുള്ള കാലയളവിൽ കുറവിലങ്ങാട് മഠത്തിൽ വച്ച് 13 തവണ പീഡിപ്പിച്ചെന്നാണ് ബിഷപ്പ് ഫ്രാങ്കോയ്ക്ക് എതിരെയുള്ള കേസ്. കഴിഞ്ഞ വർഷം നവംബർ 21നാണ് കേസ് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈ.എസ്.പി കെ.സുഭാഷ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തത്. പീഡനക്കേസിനു പുറമേ സാക്ഷികളെ സ്വാധീനിച്ചതിനും തെളിവുകൾ നശിപ്പിച്ചതിനുമായി മൂന്നു കേസുകളും ബിഷപ്പിനെതിരെ ചുമത്തിയിരുന്നു. ഡിവൈ.എസ്.പി വൈക്കത്ത് വിളിച്ചുവരുത്തി ചോദ്യം ചെയ്തശേഷമായിരുന്നു ഫ്രാങ്കോയെ അന്ന് അറസ്റ്റ് ചെയ്തത്.