തലയോലപ്പറമ്പ്: ശ്രീകാർത്ത്യായനീ ദേവി ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി തകർത്ത് പണം കവർന്നു. തലയോലപ്പറമ്പ് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന് സമീപം പ്രധാന റോഡരികിലെ ഓട്ടോ സ്റ്റാന്റിനോട് ചേർന്നുള്ള കാണിക്കവഞ്ചിയാണ് കുത്തിതുറന്നത്. ഇന്ന് പുലർച്ചെ 2നും 3 നും ഇടയിലാണ് മോഷണം നടന്നത്. സമീപത്തെ സി.സി.ടി.വി യിൽ മോഷ്ടാക്കളുടെ ചിത്രം പതിഞ്ഞിട്ടുണ്ടെങ്കിലും മുഖം വ്യക്തമല്ല. കാണിക്കവഞ്ചിയുടെ പുറകിലത്തെ ഇരുമ്പ് ഗ്രില്ലിന്റെ പൂട്ട് പൊളിച്ച ശേഷം അതിനുള്ളിലെ കാണിക്ക കുറ്റി തകർത്താണ് പണം അപഹരിച്ചിരിക്കുന്നത്. ചില്ലറ തുട്ടുകൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. നോട്ടുകൾ മാത്രമാണ് മോഷ്ടാക്കൾ കൊണ്ടുപോയതെന്ന് കരുതുന്നു.
പതിനായിരത്തോളം രൂപ കാണിക്ക ഇനത്തിൽ ഉണ്ടാകുമെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. ഇന്ന് രാവിലെ ഭക്തർ കാണിക്ക ഇടുന്നതിനായി എത്തിപ്പോഴാണ് മോഷണവിവരം അറിയുന്നത്. സമീപത്തെ മറ്റൊരു പെട്ടിക്കടയിലും മോഷണശ്രമം നടന്നു. കടയുടെ പൂട്ട് പൊളിച്ചെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. മോഷ്ടാക്കൾ ബൈക്കിൽ എത്തിയതാകാമെന്ന് പൊലീസ് പറഞ്ഞു. തലയോലപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
ഫോട്ടോ: തലയോലപ്പറമ്പ് ശ്രീകാർത്ത്യായനീ ദേവി ക്ഷേത്രത്തിന്റെ ആശുപത്രിക്കവലയ്ക്ക് സമീപമുള്ള കാണിക്കവഞ്ചി കുത്തിതുറന്ന നിലയിൽ