afeel-

കോട്ടയം: പാലാ സിന്തറ്റിക് സ്റ്റേഡിയത്തിൽ സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ പതിച്ച് അഫീൽ ജോൺസൺ (16) മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. അപകടത്തെതുടർന്ന് മന:പൂർവല്ലാത്ത നരഹത്യയ്ക്ക് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, 17 ദിവസത്തെ ചികിത്സയ്ക്കൊടുവിൽ കഴിഞ്ഞ ദിവസം അഫീൽ മരിച്ചതോടെ സംഘാടകർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാനുള്ള തെളിവുകൾ തേടുകയാണ് പൊലീസ്. വ്യക്തമായ തെളിവുകൾ ലഭിച്ചാലുടൻ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് പാലാ സി.ഐ വ്യക്തമാക്കി. സംഘാടകരായ അഞ്ചുപേരെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. പാലാ പൊലീസ് ഇരുപതിലധികം പേരെ ഇതിനകം ചോദ്യം ചെയ്തിരുന്നു. അത്‌ലറ്റിക് അസോസിയേഷന്റെ കായിക മേളകൾ സംബന്ധിച്ചുള്ള നിയമാവലികളും പൊലീസ് പരിശോധിക്കുന്നു. കൂടുതൽ പേരിലേക്ക് അന്വേഷണം നീളാനുള്ള സാദ്ധ്യതകളും പൊലീസ് തള്ളിക്കളയുന്നില്ല.

മത്സരം നിയന്ത്രിച്ചിരുന്ന ഒഫിഷ്യൽസ്, മത്സരക്രമം നിശ്ചയിച്ചവർ, സംഘാടകരിലെ മറ്റു ചുമതലക്കാർ എന്നിവരിൽ നിന്നും കഴിഞ്ഞ ദിവസം കൂടുതൽ വിവരങ്ങൾ പൊലീസ് ആരാഞ്ഞിരുന്നു. അഫീലിന്റെ മരണത്തെ തുടർന്ന് സർക്കാർ മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാതെ ദൂരപരിധി ലംഘിച്ച് ഒരേസമയം ഡിസ്കസ് ത്രോ, ജാവലിൻ ത്രോ എന്നീ മത്സരങ്ങൾ നടത്തിയതെന്ന് മൂന്നംഗ സമിതി കണ്ടെത്തിയിരുന്നു. മീറ്റിലുണ്ടായിരുന്ന ഒഫിഷ്യസ് ഇതുസംബന്ധിച്ച് വിശദീകരണം നൽകിയതായും അറിയുന്നു. കേരള സർവകലാശാല കായിക വകുപ്പ് മുൻ ഡയറക്ടർ ഡോ.കെ.കെ.വേണു, സായി മുൻ പരിശീലകൻ എം.ബി.സത്യാനന്ദൻ, ബാഡ്മിന്റൺ താരവും അർജുന അവാർഡ് ജേതാവുമായ വി.ജിജു എന്നിവരായിരുന്നു സമിതി അംഗങ്ങൾ.

കണ്ണിൽചോരയില്ലാത്ത നടപടി

മേലുകാവ് ചൊവ്വൂർ കുറിഞ്ഞംകുളം ജോൺസൺ - ഡാർലി ദമ്പതികളുടെ ഏക മകനാണ് അഫീൽ. കഴിഞ്ഞ നാലാം തീയതിയാണ് അത്‌ലറ്റിക് മീറ്റിനിടെ അപകടമുണ്ടായത്. തുടർന്ന് കളി നിറുത്തിവയ്കാൻ പോലും സംഘാടകർ തയാറായില്ല. അഫീലിനെ ആശുപത്രിയിലാക്കിയശേഷം തലയിൽ പതിച്ച ഹാമർ കഴുകി സംഘാടകർ കളി തുടർന്നുവെന്ന ആക്ഷേപം ഉണ്ടായിരുന്നു. അടുത്ത ദിവസം പൊലീസ് എത്തിയാണ് മത്സരം നിറുത്തിവയ്പ്പിച്ചത്. ജാവലിൻത്രോയും ഹാമർത്രോയും അടുത്തടുത്ത സ്ഥലത്ത് നടത്താൻ പാടില്ലെന്നാണ് നിയമം. രണ്ടു മത്സരങ്ങളും ഒരേസമയം നടത്തുകയാണെങ്കിൽ നിശ്ചിത അകലം പാലിക്കണമെന്നും കായിക വകുപ്പിന്റെ ചട്ടത്തിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ, ഈ നിയമങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് പാലായിൽ മേള നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.

കൂടാതെ ഫീഡ് വോളന്റിയർമാരായി വിദ്യാർത്ഥികളെ നിശ്ചയിച്ചത് സ്കൂൾ അധികൃതരുടെ അനുമതി ഇല്ലാതെയാണെന്നും കണ്ടെത്തിയിരുന്നു. ഫുട്ബാൾ താരമായ അഫീൽ ഫീൾഡ് വോളന്റിയറായി സേവനം അനുഷ്ഠിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. അധികൃതർക്ക് ജാഗ്രത കുറവുണ്ടായെന്ന് ആർ.ഡി.ഒ അനിൽ ഉമ്മനും കണ്ടെത്തിയിരുന്നു. സർക്കാർ നിയോഗിച്ച സമിതിയുടെ റിപ്പോർട്ടും സംഘാടകരുടെ പിഴവുകൾ ഒരോന്നായി ചൂണ്ടിക്കാട്ടുന്നതാണ് എന്നാണ് അറിയുന്നത്.