dalavakkulam

വൈക്കം: ഒടുവിൽ നഗരസഭയ്ക്കും ബോധോദയം. ദളവാക്കുളത്തെ കാത്തിരുപ്പ് കേന്ദ്രത്തിന് കൈവരി നി‌ർമ്മിക്കുന്നു.

ബസ് ടെർമിനലിന് മുന്നിൽ കഴിഞ്ഞ എട്ടിന് സ്വകാര്യ ബസിൽ നിന്നിറങ്ങുകയായിരുന്ന വൃദ്ധ ബസിന്റെ പിൻചക്രം കയറിയിറങ്ങി ദാരുണമായി മരിച്ചിരുന്നു. ദളവാക്കുളം ബസ് ടെർമിനലിന്റെ പുറത്തേക്കും അകത്തേക്കുമുള്ള രണ്ട് കവാടങ്ങൾക്കിടയിൽ റോഡിലാണ് അപകടമുണ്ടായത്. അപകടമുണ്ടാക്കിയ ബസ് ടെർമിനലിൽ കയറാതെ പുറത്ത് റോഡിൽ ആളെ ഇറക്കി തിരക്കിട്ട് പോകാനൊരുങ്ങുകയായിരുന്നു. വൈക്കം വഴി സർവീസ് നടത്തുന്ന എല്ലാ സർവീസുകളും ദളവാക്കുളത്ത് കയറി ആളെ കയറ്റി ഇറക്കണമെന്നാണ് വ്യവസ്ഥയെങ്കിലും പല ബസുകളും ഇത് പാലിക്കാറില്ല. ലിമിറ്റഡ് സ്റ്റോപ്പ് സ്വകാര്യ സർവീസുകളും കെ.എസ്.ആർ.ടി.സിയുമാണ് ഏറെയും ടെർമിനലിൽ കയറാതെ പോവുക.

നഗരസഭ അടുത്തിടെ ദളവാക്കുളം ബസ് ടെർമിനലിൽ പണി കഴിപ്പിച്ച കാത്തിരുപ്പ് കേന്ദ്രം ടെർമിനലിൽ കയറാതെ പോകുന്ന ബസുകളെ പ്രോത്സാഹിപ്പിക്കുന്നതും അപകടം ക്ഷണിച്ച് വരുത്തുന്ന തരത്തിലുമായിരുന്നു. ടെർമിനലിന്റെ രണ്ട് കവാടങ്ങൾക്കിടയിൽ റോഡിനോട് ചേർന്ന് നിർമ്മിച്ചിരിക്കുന്ന കാത്തിരുപ്പ് കേന്ദ്രം ടെർമിനലിലേക്കും റോഡിലേക്കും ഒരേപോലെ തുറന്നാണിരിക്കുന്നത്. ടെർമിനലിനകത്ത് കയറ്റി നിറുത്തുന്ന ബസിലേക്കും റോഡിൽ നിറുത്തുന്ന ബസിലേക്കും ഒരേപോലെ കയറാം. ടെർമിനലിൽ കയറാതെ പോകുന്ന ബസുകൾ കാത്തിരുപ്പ് കേന്ദ്രത്തിന് എതിർവശത്താണ് നിറുത്തുക. ബസിൽ കയറാൻ യാത്രക്കാർ തിടുക്കത്തിൽ റോഡ് മുറിച്ച് കടക്കുമ്പോൾ അപകട സാദ്ധ്യത ഏറെയാണ്. കാത്തിരുപ്പ് കേന്ദ്രത്തിന്റെ നിർമ്മാണത്തിലെ ഈ അപാകത നീക്കാനാണ് നഗരസഭ ഇപ്പോൾ കാത്തിരുപ്പ് കേന്ദ്രത്തിന്റെ റോഡിലേക്ക് തുറന്നിരിക്കുന്ന ഭാഗം കൈവരി കെട്ടിയടയ്ക്കുന്നത്.