കോട്ടയം: കൈക്കൂലി വാങ്ങിയ ശേഷം വ്യാജരേഖ ചമച്ച് നിയമനം നൽകിയ കേസിൽ മുൻ എംപ്ലോയ്‌മെന്റ് ഓഫീസർക്ക് തടവും പിഴയും. പാലാ ടൗൺ മുൻ എംപ്ലോയ്‌മെന്റ് ഓഫീസർ സംക്രാന്തി എൽ ആൻഡ് ഒ കോട്ടേജിൽ പി.എസ് റഷീദിനെ (61)യാണ് വിജിലൻസ് കോടതി ജഡ്‌ജി കെ.ജി സനൽകുമാർ നാലു വർഷം കഠിന തടവിനും പതിനായിരം രൂപ പിഴയ്ക്കും ശിക്ഷിച്ചത്. 2003 ൽ വിജിലൻസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് വിധി.

1997 മുതൽ 99 വരെ ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസറായി പ്രവർത്തിക്കുന്നതിനിടെ റഷീദ് ക്രമക്കേട് നടത്തിയെന്നാണ് കേസ്. വിവിധ ഓഫീസുകളിൽ പാർട്ടൈം ജീവനക്കാരെ നിയമിക്കുന്നതിനായുള്ള സീനിയോറിറ്റി പട്ടിക തിരുത്തിയ റഷീദ് കോഴ വാങ്ങി അനർഹർക്ക് അവസരം നൽകുകയായിരുന്നു.