l

വൈക്കം: കൈ ഉയർത്തിയാൽ വൈദ്യുതിലൈനിൽ തൊട്ടേക്കാം, പിന്നെ ജീവൻ തന്നെ... ! വൈക്കത്തും സമീപപ്രദേശങ്ങളിലും അപകടകരമായ രീതിയിൽ താണുകിടക്കുന്ന വൈദ്യുതി ലൈനുകളെ സാക്ഷിയാക്കി നാട്ടുകാർ പങ്കുവയ്ക്കുന്ന ആകുലതകളാണിത്. വൈക്കത്തെ കൂടാതെ തലയാഴം, വെച്ചൂർ പഞ്ചായത്തുകളിലെ പാടശേഖരങ്ങളിലും ജനവാസകേന്ദ്രങ്ങിലും അപകടകരമായ രീതിയിലാണ് വൈദ്യുതി ലൈനുകളുടെ നിലനിൽപ്. നാളേറെയായിട്ടും ഈ പ്രശ്നം പരിഹരിക്കാൻ അധികൃതർക്കും സാധിക്കുന്നില്ല. അതിന്റെ പരിണിതഫലമായി ജീവൻ ഹോമിക്കപ്പെടേണ്ടി വരുന്നത് ജനങ്ങൾക്കും!. കഴിഞ്ഞ ദിവസം ഇരുചക്രവാഹനത്തിൽ വീട്ടിലേയ്ക്ക് പോയ വൈക്കം കൊതവറ വടക്കേൽ തോമസ് ജോസഫ് പൊട്ടിവീണ വൈദ്യുതകമ്പിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ചതാണ് ഒടുവിലത്തെ ദുരന്തം. ഇത്തരത്തിൽ കാലപ്പഴക്കമേറിയ വൈദ്യുതി ലൈൻ പൊട്ടിവീണ് വൈക്കത്തും സമീപപ്രദേശങ്ങളിലും നിരവധി പേരുടെ ജീവൻ പൊലിഞ്ഞിട്ടുണ്ട്. തലയാഴം മുണ്ടാർ അഞ്ചാം ബ്ലോക്കിലും വെച്ചൂർ ഇട്ടിയേക്കാടൻകരി, മണിയാൻതുരുത്ത് തുടങ്ങിയ പ്രദേശങ്ങളിൽ പാടശേഖരത്തിന്റെ വരമ്പിലും താണുകിടക്കുന്ന വൈദ്യുതലൈനുകൾ ഏറെ അപകടഭീഷണി ഉയർത്തുന്നതായി പ്രദേശവാസികൾ പറയുന്നു. തലയോലപ്പറമ്പ് പഞ്ചായത്തിലെ ആലങ്കേരി, ഉദയനാപുരത്തെ വാഴമന, വൈക്ക പ്രയാർ തുടങ്ങിയ സ്ഥലങ്ങളിലും കൈയ്യെത്തും ദൂരത്തുകൂടിയാണ് വൈദ്യുതി ലൈൻ കടന്നു പോകുന്നത്. പഴക്കമേറിയ താണുകിടക്കുന്ന വൈദ്യുത ലൈനുകൾ മാറ്റി ജനജീവിതം സുരക്ഷിതമാക്കുന്നതിന് ബന്ധപ്പെട്ട അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.