thodu

കാഞ്ഞിരപ്പള്ളി : പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ മറികടന്ന് ചിറ്റാർപുഴയുടെ പ്രധാന കൈത്തോടുകളിലൊന്നായ പൊട്ടത്തോട്ടിൽ സ്വകാര്യവ്യക്തിയുടെ കൈയേറ്റം. മൈക്ക ജംഗ്ഷനിൽ പെട്രോൾ പമ്പിന് പിൻഭാഗത്തെ തോടാണ് സംരക്ഷണഭിത്തി നിർമ്മിച്ച് കൈവശപ്പെടുത്തിയിരിക്കുന്നത്. തോട് കൈയേറുന്നുവെന്ന നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി സ്റ്റോപ്പ് മെമ്മോ നൽകിയത്. ഇതു വകവയ്ക്കാതെയാണ് രാത്രികാലങ്ങളിൽ ആളുകളെ നിറുത്തി നിർമ്മാണം പൂർത്തിയാക്കിയത്.

നിലവിലുണ്ടായിരുന്ന കൽക്കെട്ട് കഴിഞ്ഞ ദിവസം മഴയത്ത് തകർന്ന് വീണതിനെ തുടർന്ന് തോട്ടിൽ കല്ലും മണ്ണുമടിഞ്ഞ് നീരൊഴുക്ക് തടസപ്പെട്ട് സമീപപ്രദേശത്തെ വീടുകളിൽ വെള്ളം കയറിയിരുന്നു. സംരക്ഷണഭിത്തിയോട് ചേർന്ന് നിർമ്മാണ ചട്ടങ്ങൾ പാലിക്കാതെ പണിതുയർത്തിയ കെട്ടിടം എത് നിമിഷവും തോട്ടിലേക്ക് പതിക്കാവുന്ന അവസ്ഥയിലാണ്. പഞ്ചായത്തിന്റെയും, ഹരിത കേരളം മിഷന്റെയും നേതൃത്വത്തിൽ ചിറ്റാർ പുനർജനി പ്രവർത്തനങ്ങളുടെ ഭാഗമായി പുഴ സംരക്ഷണ പ്രവർത്തനങ്ങൾ നടന്ന് വരവെ പട്ടണമദ്ധ്യത്തിൽ പ്രധാന കൈത്തോട് കൈയേറിയത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

പരാതിയെ തുടർന്ന് ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ വി.രമേശിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. സ്റ്റോപ്പ് മെമ്മോ ലംഘിച്ച് പണിതതിനെ തുടർന്ന് തോട് അളന്ന് തിട്ടപ്പെടുത്താൻ റവന്യു വകുപ്പിന് കത്ത് നൽകിയതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു.