തലയോലപ്പറമ്പ് : തലയോലപ്പറമ്പ് ശ്രീകാർത്ത്യായനീ ദേവി ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി കുത്തിതുറന്ന് മോഷ്ടാക്കൾ പണം അപഹരിച്ചു.തലയോലപ്പറമ്പ് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന് സമീപം പ്രധാന റോഡരികിലെ ഓട്ടോസ്റ്റാൻഡിനോട് ചേർന്ന് ക്ഷേത്രം വകസ്ഥാപിച്ചിരുന്ന കാണിക്കവഞ്ചിയാണ് കുത്തിതുറന്നത്. ഇന്നലെ പുലർച്ചെ 2നും 3 നും ഇടയിലാണ് മോഷണം നടന്നത്. രാവിലെ ഓട്ടോസ്റ്റാൻഡിൽ എത്തിയ ഡ്രൈവർമാർ വിളക്ക് കത്തിക്കുന്നതിനായി എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. തുടർന്ന് ക്ഷേത്രം ഭാരവാഹികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കാണിക്കവഞ്ചിയുടെ സമീപത്തുള്ള മറ്റൊരു സ്ഥാപനത്തിലെ സി.സി.ടി.വി ക്യാമറയിൽ ബൈക്കിൽ എത്തിയ രണ്ട് മോഷ്ടാക്കളുടെ ചിത്രം പതിഞ്ഞിട്ടുണ്ടെങ്കിലും ഇവർ ഹെൽമറ്റും കോട്ടും ധരിച്ചിരുന്നതിനാൽ കാമറയിൽ മുഖം വ്യക്തമല്ല. കാണിക്കവഞ്ചിയുടെ പുറകിലത്തെ ഇരുമ്പ് ഗ്രില്ലിന്റെ പൂട്ട് പൊളിച്ച ശേഷമാണ് മോഷ്ടാക്കൾ അതിനുള്ളിലെ കാണിക്ക കുറ്റി തകർത്ത് പണം അപഹരിച്ചിരിക്കുന്നത്. സമീപത്തും നിലത്തും ചില്ലറ തുട്ടുകൾ വാരിവലിച്ചിട്ടിരിക്കുന്ന നിലയിലായിരുന്നു. നോട്ടുകൾ മാത്രമാണ് മോഷ്ടാക്കൾ കൊണ്ടുപോയതെന്ന് കരുതുന്നു. പതിനായിരത്തോളം രൂപ കാണിക്ക ഇനത്തിൽ ഉണ്ടാകുമെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.
സമീപത്തെ കടയിലും മോഷണശ്രമം
സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന് എതിർവശത്ത് റോഡരികിലുള്ള കനകാംബരൻ എന്ന ആളടെ ഉടമസ്ഥതയിലുള്ള പെട്ടിക്കടയിലും മോഷണശ്രമം നടന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടില്ല. കടയ്ക്കുളളിൽ മുൻവശത്ത് തൂക്കിയിട്ടിരുന്ന പഴക്കുലയിൽ നിന്നും പഴം കഴിച്ച ശേഷം മോഷ്ടാക്കൾ പഴത്തൊലി വാരിവലിച്ചിട്ട് കടന്ന് കളയുകയായിരുന്നു. കോട്ടയത്ത് നിന്നും വിരലടയാള വിദഗ്ദ്ധർ എത്തി പരിശോധന നടത്തി. പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി തലയോലപ്പറമ്പ് എസ്.എച്ച്.ഒ ക്ലീറ്റസ് കെ.ജോസഫ് പറഞ്ഞു.