കോട്ടയം: രാത്രിയാത്രക്കാർ സൂക്ഷിക്കുക. മൊബൈൽ മോഷണം മാത്രം ലക്ഷ്യമിട്ടുള്ള സംഘങ്ങൾ ജില്ലയിൽ വ്യാപകമാകുന്നു. മൂന്നു മാസത്തിനിടെ കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നു മാത്രം മോഷണം പോയത് അറുപതിലേറെ മൊബൈൽ ഫോണുകളാണ്. മൊബൈൽ ഫോണുകളിൽ പലതും പാട്സാക്കി മറിച്ചു വിൽക്കുന്നതിനാൽ പൊലീസിന് കണ്ടെത്താൻ സാധിക്കുന്നില്ല. ആറു ഫോണുകൾ മാത്രമാണ് വീണ്ടെടുത്തു നൽകാൻ സാധിച്ചത്.
ദീർഘദൂര ബസുകളിൽ യാത്ര ചെയ്യുന്നവരാണ് കൂടുതലും മോഷണത്തിന് ഇരയാകുന്നത്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് വൻ മോഷണ സംഘം തമ്പടിച്ചിരിക്കുന്നതായാണ് പൊലീസിനു ലഭിച്ചിരിക്കുന്ന രഹസ്യ വിവരം. കഴിഞ്ഞ ദിവസം എറണാകുളത്തു നിന്ന് എത്തിയ യുവാവിന്റെ മൊബൈൽ ഫോൺ രാത്രി പന്ത്രണ്ട് മണിയോടടുത്ത് നഷ്ടമായി. വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയപ്പോൾ മൊബൈൽ ഫോണിന്റെ ഇ.എം.ഐ നമ്പർ നൽകിയിരുന്നു. ഈ നമ്പർ പരിശോധിച്ചപ്പോൾ ഫോണിന്റെ ടവർ ലൊക്കേഷൻ പയ്യന്നൂരിലാണ്. തുടരന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. ഒരു ആലപ്പുഴ സ്വദേശിയുടെ മൊബൈൽ ഫോണും സമാന രീതിയിൽ നഷ്‌ടമായിരുന്നു. ഇത് കുമരകത്തെ ഒരു യുവാവിന്റെ കൈവശം കണ്ടെത്തി. എന്നാൽ മറ്റൊരാളിൽ നിന്ന് വിലയ്ക്കു വാങ്ങുകയായിരുന്നെന്നാണ് ഇയാൾ പറഞ്ഞത്. ജില്ലയിലെ മറ്റ് ബസ് സ്റ്റാൻഡുകളിലും സമാന രീതിയിൽ മോഷണങ്ങൾ ഉണ്ടാകുന്നുണ്ട്. ഇതിനെല്ലാം പിന്നിൽ ഇതര സംസ്ഥാനക്കാരാണെന്നാണ് പൊലീസ് പറയുന്നത്.
പാട്ട്സാക്കി വിൽക്കും
മൊബൈൽ ഫോണിന്റെ ഐ.എം.ഇ.ഐ നമ്പർ നോക്കിയാണ് സൈബർ സെൽ ഫോൺ കണ്ടെത്താൻ ശ്രമിക്കുന്നത്. എന്നാൽ മോഷ്‌ടാക്കളിൽ നിന്ന് വിലയ്ക്ക് വാങ്ങുന്ന സംഘങ്ങൾ ഫോണുകൾ പാട്‌സാക്കിയാണ് മറിച്ചുവിൽക്കുന്നത്.
കണ്ടെത്താൻ കഴിയാത്തതിന്റെ കാരണം ഇതാണ്.
മൂന്നു മാസത്തിനിടെ
മോഷ്ടിക്കപ്പെട്ടത്
60
മൊബൈൽ ഫോണുകൾ