കോട്ടയം: 'മാലിന്യസംസ്കരണം, ശുചിത്വം, ആരോഗ്യസംരക്ഷണം എന്നീ മേഖലകളിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് എത്തുന്നതിന് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്തി പദ്ധതി നടപ്പിലാക്കും'. കോട്ടയം നഗരസഭയുടെ 2019-20 വർഷത്തെ ബഡ്ജറ്റ് പ്രസംഗത്തിൽ അടിവരയിട്ട് പറഞ്ഞതാണ് ഈ വാക്കുകൾ. വെറും വാക്ക് മാത്രമായിരുന്നില്ല. 2.50 കോടിരൂപയും ഇതിനായി വകകൊള്ളിച്ചു. കഴിഞ്ഞ 4 വർഷത്തെ എല്ലാ ബഡ്ജറ്റുകളിലും ഇതോ, ഇതിന് സമാനമായതോ ആയ പ്രസ്താവനകൾ ആവർത്തിച്ചിട്ടുണ്ട്. നടപ്പ് സാമ്പത്തിക വർഷം പകുതി പിന്നിടുമ്പോൾ പദ്ധതികളൊക്കെ കടലാസിൽ ഒതുങ്ങുകയും പണം പാഴായതുമല്ലാതെ നാടിന്റെ നാറ്റം മാറിയില്ലെന്ന് നഗരവാസികൾ തന്നെ വിളിച്ചുപറയുന്നു. ഒടുവിൽ പൊറുതി മുട്ടിയ ജനം നഗരപാലിക നിയമം അക്കമിട്ട് നിരത്തി അധികാരികൾക്ക് മുമ്പിൽ നിവേദനവുമായെത്തുന്ന കാഴ്ചയ്ക്കും അക്ഷരനഗരം സാക്ഷിയായി. വടവാതൂർ മാലിന്യസംസ്കരണ കേന്ദ്രം അടച്ചുപൂട്ടിയശേഷം നഗരത്തിൽ തലപൊക്കിയ മാലിന്യകൂമ്പാരങ്ങൾ ഇന്നും അതേപടി തുടരുകയാണ്. പുഴു അരിച്ച് ചീഞ്ഞുനാറുന്ന ഇത്തരം കൂമ്പാരങ്ങളുടെ അടിത്തറയിളക്കാൻ നഗരസഭയുടെ പദ്ധതികൾ പര്യാപ്തമാകുന്നുമില്ല. നഗരം കുടികൊള്ളുന്ന പ്രധാന വാർഡുകളിലെ നേർക്കാഴ്ചകളിലേക്ക്

 കോടിമത ഈസ്റ്റിൽ കണ്ടത്

ഒരു പച്ചക്കറി മാർക്കറ്റ് ഇത്രയധികം നാറുമോ...? ഇവിടേക്ക് ഒരിക്കലെങ്കിലും പോയിട്ടുള്ളവർക്ക് അറിയാം അവിടുത്തെ ദുർഗന്ധം. കോടിമത മാർക്കറ്റിൽ ശുദ്ധവായു എന്നത് സ്വപ്നത്തിൽ മാത്രമാണ്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ഇവിടെയൊരു മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിച്ചിരുന്നങ്കിലും നാളിതുവരെ അത് പ്രവർത്തിച്ചിട്ടില്ല. അടുത്തകാലത്തൊന്നും പ്രവർത്തിക്കുമെന്ന കാര്യത്തിൽ ആർക്കും ഒരുറപ്പുമില്ല.

നഗരത്തിലെ വൻകിട കെട്ടിടങ്ങൾ മുതൽ സാധരണക്കാരുടെ വീടുകളുടെ വരെ മാലിന്യ പൈപ്പുകൾ പൊതുജലസ്രോതസുകളിലേക്കും ഓടകളിലേക്കും തുറന്നുവച്ചിരിക്കുന്നതാണ് മറ്റൊരു കാഴ്ച. റോഡിൽ മലിനജലം കെട്ടിക്കിടക്കുന്ന സ്ഥിരം കാഴ്ചയും ഇവിടെയുണ്ട്. ആശുപത്രി മാലിന്യം, കക്കൂസ് മാലിന്യം അറവുശാലയിലെ മാലിന്യം തുടങ്ങി എന്തും ഏറ്റുവാങ്ങാൻ കോടൂരാർ ഉള്ളപ്പോൾ പിന്നെ എന്തിന് വിഷമിക്കണമെന്നാണ് അധികാരികളുടെ പോലും ചിന്ത.

 കൗൺസിലർ പറയുന്നത്

കോടിമത മാർക്കറ്റിലെ മാലിന്യ സംസ്കരണപ്ളാന്റ് പ്രവർത്തന സജ്ജമാക്കുന്ന കാര്യം കഴിഞ്ഞ നാലരവർഷത്തിനിടെ നിരവധി തവണ കൗൺസിൽ യോഗത്തിൽ ഉന്നയിച്ചിട്ടുണ്ട്. അടുത്തകാലത്ത് പ്ലാന്റിൽ എന്തൊക്കെയൊ അറ്റകുറ്റപ്പണികൾ ചെയ്തെന്ന് കേട്ടു. അതുകൊണ്ടും തീരുന്നതല്ല മാർക്കറ്റിലെ പ്രശ്നം. മാലിന്യസംസ്കരണത്തിന് പ്രത്യേകം പദ്ധതിവേണം. തൂമ്പൂർമുഴി മോഡൽ രണ്ട് ബയോബിൻ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രശ്നപരിഹാരത്തിന് പര്യാപ്തമല്ല. ഇതല്ലാതെ ഈ ഭരണസമിതിയുടെ കാലത്ത് മാർക്കറ്റിൽ പുതിയ മാലിന്യസംസ്കരണപദ്ധതികളൊന്നും വാർഡിൽ നടപ്പിലാക്കിയിട്ടുമില്ല. ഹരിതകർമ്മ സേനയിലേക്ക് ആളെ കിട്ടാത്ത വാർഡുകൂടിയാണിത്. അടുത്തിടെയാണ് രണ്ടുപേരെ കണ്ടെത്തിയത്. അവർ പ്രവർത്തന സജ്ജമാകുന്നതോടെ ഗാർഹിക മാലിന്യസംസ്കരണത്തിന് കൂടുതൽ പദ്ധതികൾ നടപ്പിലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.'

: ഷൈലജ ദിലീപ് കുമാർ, നഗരസഭ കൗൺസിലർ