കോട്ടയം: പാത ഇരട്ടിപ്പിക്കൽ ജോലികൾക്കായി രണ്ടു വർഷം മുൻപ് കുളമാക്കിയിട്ട റോഡ് ഇപ്പോൾ കവർന്നത് ഒരു ജീവൻ. ചെളിയിലും മണ്ണിലും കുഴഞ്ഞ് മറിഞ്ഞ റോഡിലൂടെ കാൽനട പോലും ദുഷ്‌കരമായതോടെയാണ് യാത്രക്കാർ റെയിൽവേ പാളത്തിലൂടെ നടക്കാൻ തുടങ്ങിയത്. ഇതാണ് ഒരു ജീവൻ പൊലിയുന്നതിന് കാരണമായതും. ചെളിയും മണ്ണും ഒഴിവാക്കി റെയിൽവേ ട്രാക്കിലൂടെ നടന്നു പോയ നാഗമ്പടം പ്രസീദയിൽ കെ.ആർ. തമ്പി(82) ട്രെയിൻ ഇടിച്ച് മരിച്ചതോടെയാണ് ബന്ധുക്കളും നാട്ടുകാരും റെയിൽവേയ്‌ക്കെതിരെ രംഗത്ത് എത്തിയത്.
ഇന്നലെ രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. റെയിൽപ്പാത ഇരട്ടിപ്പക്കലിന്റെ ഭാഗമായി രണ്ടു വർഷം മുൻപാണ് ഈ പ്രദേശത്ത് ജോലികൾ ആരംഭിച്ചത്. ഇതോടെ ഒരു മഴ പെയ്‌താൽ റോഡ് മുഴുവൻ ചെളിയിൽ മുങ്ങും. ഈ പ്രദേശമാകെ വെള്ളക്കെട്ടും രൂപപ്പെടും. 83 കുടുംബങ്ങളാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. സ്‌കൂൾ കുട്ടികളും സ്‌ത്രീകളും അടക്കമുള്ളവർ ഈ വഴിയിലൂടെയാണ് കടന്നു പോകുന്നത്. വെള്ളക്കെട്ട് രൂക്ഷമാകുമ്പോൾ, അപകടം ഒഴിവാക്കാൻ ഇവർ റെയിൽവേ ട്രാക്കിലൂടെ കയറി നടക്കും. പക്ഷം, ഇതാണ് പലപ്പോഴും അപകടമുണ്ടാക്കുന്നത്. വെള്ളക്കെട്ട് ഒഴിവാക്കി നടന്നു പോകാൻ ചിലർ പ്രദേശത്തെ ലോഡ്‌ജിന്റെയും, പുരയിടത്തിന്റെ മതിലും ഉപയോഗിക്കാറുണ്ട്.
കഴിഞ്ഞ ദിവസം മഴയ്‌ക്കു പിന്നാലെ ഈ വെള്ളക്കെട്ടിലൂടെ നടന്നു പോയ വീട്ടമ്മയും കുഞ്ഞും തെന്നി വീണിരുന്നു. ഇവർ കഷ്‌ടിച്ചാണ് പരിക്കേൽക്കാതെ രക്ഷപെട്ടത്. നാട്ടുകാരുടെ നേതൃത്വത്തിൽ പ്രദേശത്ത് ഓട തെളിച്ചും, കാട് വെട്ടിമാറ്റിയും വെള്ളക്കെട്ട് മാറ്റാൻ നടപടി സ്വീകരിച്ചിരുന്നു. എന്നാൽ, ഇതിലൂടെയും പ്രശ്‌നം പരിഹരിക്കാൻ സാധിച്ചില്ല.
റോഡ് ഉടൻമണ്ണിട്ടുയർത്തും
റോഡ് മണ്ണിട്ടുയർത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ടെൻഡർ പൂർത്തീകരിച്ചു. ഇനി പണി ആരംഭിച്ചാൽ മതിയാകും. താത്കാലികമായി നാളെ തന്നെ സ്ഥലം മണ്ണിട്ടുയർത്തുന്നതിനുള്ള ജോലികൾ ആരംഭിക്കും.
സാബു പുളിമൂട്ടിൽ,
കൗൺസിലർ,
കോട്ടയം നഗരസഭ.