എരുമേലി : നീണ്ട കാത്തിരിപ്പിന് ശേഷം എരുമേലി പഞ്ചായത്ത് വിഭജിച്ച് മുക്കൂട്ടുതറയിൽ പുതിയ പഞ്ചായത്തിന് ശുപാർശ. എന്നാൽ പഞ്ചായത്ത് പെഡ്യൂട്ടി ഡയറക്ടറുടെ റിപ്പോർട്ടിന് ധനകാര്യവകുപ്പ് തടസവാദമുന്നയിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ സെപ്തംബർ 20 നാണ് റിപ്പോർട്ട് സമർപ്പിച്ചത്. വിസ്തൃതി കൂടിയ പഞ്ചായത്തുകളെ വിഭജിച്ച് പുതിയ പഞ്ചായത്തുകൾ രൂപീകരിക്കുന്നതിന് റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ നിർദ്ദേശിച്ചിരുന്നു. ജില്ലയിൽ എരുമേലി കൂടാതെ പാമ്പാടിയും ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ പുതിയ പഞ്ചായത്തുകൾ രൂപീകരിക്കുന്നതിനുള്ള ഫണ്ടിന് പ്രളയനാന്തരമുള്ള സാമ്പത്തിക സ്ഥിതി തടസമാണെന്നാണ് ധനകാര്യവകുപ്പ് പറയുന്നത്.

അടുത്ത തിരഞ്ഞെടുപ്പിനു മുമ്പ് വാർഡുകളുടെ അതിർത്തി പുനർനിർണയവും വിഭജനവും പൂർത്തിയാക്കാൻ തദ്ദേശ സ്വയംഭരണവകുപ്പ് ഉദ്ദേശിക്കുന്നുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എരുമേലി വിഭജിച്ച് പുതിയ പഞ്ചായത്ത് രൂപീകരിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പ് സമയമായതിനാൽ തിരഞ്ഞെടുപ്പു കമ്മിഷൻ വിലക്കി.

ഏറ്റവും വലിയ പഞ്ചായത്ത്

85 ചതുരശ്ര കിലോമീറ്ററാണ് എരുമേലി പഞ്ചായത്തിന്റെ വിസ്തൃതി. കിഴക്കൻ പ്രദേശമായ എയ്ഞ്ചൽവാലിയിൽ നിന്ന് പടിഞ്ഞാറെ അതിർത്തിയായ പഴയിടത്ത് എത്താൻ 35 കിലോമീറ്റർ യാത്ര ചെയ്യണം. പഞ്ചായത്ത് ഓഫീസിൽ എത്താൻ എയ്ഞ്ചൽവാലിക്കാർ ഒരു മണിക്കൂർ യാത്ര ചെയ്യണം. ചേനപ്പാടി, പഴയിടം ഭാഗത്തു നിന്ന് ബസ് സർവീസുകൾ ചുരുക്കമാണ്. അഞ്ച് വർഷം മുമ്പ് ജനസംഖ്യ 55000 ആയിരുന്നു. 23 വാർഡുകളാണുള്ളത്.

വിഭജിച്ചാൽ ഗുണം ഇവർക്ക്

കിഴക്കൻ മേഖലയിലെ എയ്ഞ്ചൽവാലി, പമ്പാവാലി, കണമല, അഴുതമുന്നി, ആറാട്ടുകയം, മൂലക്കയം, മൂക്കംപെട്ടി, എരുത്വാപ്പുഴ, ഇടകടത്തി, പാണപിലാവ്, മുട്ടപ്പള്ളി പ്രദേശങ്ങളിലുള്ളവർക്ക് പുതിയ പഞ്ചായത്തുണ്ടായാൽ ഏറെ ബുദ്ധിമുട്ട് ഒഴിവാകും.

മുക്കൂട്ടുതറ വികസിക്കും

കിഴക്കൻ മേഖലയിലെ ആയിരക്കണക്കിന് ആളുകൾ വിവിധ ആവശ്യങ്ങൾക്ക് എത്തുന്ന മുക്കൂട്ടുതറ ടൗണിന്റെ വികസനവും ഇതോടെ സാധ്യമാവും. പഞ്ചായത്ത് ആസ്ഥാനത്തിന് ആവശ്യമായ പൊതുസ്ഥലം നിലവിലുണ്ട്.