വൈക്കം: മഹാദേവ ക്ഷേത്രത്തിലെ അഷ്ടമിയുത്സവത്തിന്റെ ഒൻപതാം നാളിൽ നടത്തുന്ന ഗജപൂജയുടെ ഒരുക്കങ്ങൾ ആരംഭിച്ചു. ക്ഷേത്ര ഉപദേശക സമിതിയുടെ ആഭിമുഖ്യത്തിൽ നവംബർ 17ന് രാവിലെ 8 ന് തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി , കിഴക്കിനടത്ത് മേക്കാട് നാരായണൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിലാണ് ഗജപൂജ നടക്കുക. ആനയൂട്ടും ,ആന ചമയ പ്രദർശനവും ഉണ്ടാവും. പാറമേക്കാവ് ശ്രീ പത്മനാഭൻ, തിരുവമ്പാടി ചന്ദ്രശേഖരൻ, ഈരാറ്റുപേട്ട അയ്യപ്പൻ, തിരുവമ്പാടി കുട്ടിശങ്കരൻ, പുതുപ്പള്ളി സാബു, പാറന്നൂർ നന്ദനൻ, തിരുവമ്പാടി അർജുനനൻ, പല്ലാട്ട് ബ്രഹ്മദത്തൻ, കുളമാക്കിൽ പാർത്ഥസാരഥി, ഉഷശ്രീ ദുർഗ്ഗപ്രസാദ്, പീച്ചിയിൽ ശ്രീമുരുകൻ, നെല്ലിക്കോട് മഹാദേവൻ എന്നീ ഗജരാജാക്കൻമാർ ആനയൂട്ടിൽ പങ്കെടുക്കും. നവംബർ 8 നടക്കുന്ന കൊടിയേറ്ററിയിപ്പ്, കുലവാഴ പുറപ്പാട് എന്നി ചടങ്ങുകൾക്ക് പാമ്പാടി രാജനാണ് നെറ്റിപ്പട്ടമണിയുക. ഗജപൂജയുടെയും ആനയൂട്ടിന്റെയും നിധി സമാഹരണം തെക്കേ കണ്ണംകുളത്തിൽ കെ. ശിവപ്രസാദിൽ നിന്നും ആദ്യ സംഭാവന സ്വീകരിച്ചുകൊണ്ട് ദേവസ്വം അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസർ ഡി. ജയകുമാർ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഉപദേശക സമിതി ഭാരാവാഹികളായ സോമൻ കടവിൽ, പി എം സന്തോഷ് കുമാർ, എ.ജി. ചിത്രൻ ,ടി.ആർ.സുരേഷ്, എം.എസ് മധു, ഗിരിഷ് ജി. നായർ എന്നിവർ പങ്കെടുത്തു.