എലിക്കുളം : അപ്രതീക്ഷിതമായി പെയ്ത തുലാമഴ തകർത്തെറിഞ്ഞത് കാപ്പുകയത്തെ നെൽകർഷകരുടെ സ്വപ്‌നങ്ങളെ മാത്രമല്ല നാട്ടുകാരുടെ പ്രതീക്ഷകളെയുമാണ്. കാൽനൂറ്റാണ്ടിനുശേഷം കാപ്പുകയം പാടശേഖരം ഏറെ പ്രതീക്ഷയോടെയാണ് 25 ഏക്കർ 'വിരിപ്പൂ' കൃഷിക്കു വിളവിറക്കിയത്. കാഞ്ഞിരപ്പള്ളി താലൂക്കിൽ നെൽകൃഷി ഇനിയും ബാക്കി നിൽക്കുന്ന എലിക്കുളം ഗ്രാമപഞ്ചായത്തിലെ ഈ പാടശേഖരത്തിൽ നിന്നുള്ള അരി എലിക്കുളം റൈസ് എന്ന പേരിൽ വിപണിയിലിറക്കുന്ന തരത്തിൽ പ്രദേശത്ത് നെൽകൃഷി വ്യാപകമായിരുന്നു.ജോസ് കൊല്ലംപറമ്പിൽ, ജോസ് ടോം ഇടച്ചേരിപവ്വത്ത്, മെൽവിൻ പവ്വത്ത്, മാത്യു മണ്ഡപത്തിൽ, എം.എം. ജോർജ് മണ്ഡപത്തിൽ, പയസ് നരിതൂക്കിൽ, സനീഷ് ഭാസ്‌കരൻ മണ്ഡപത്തിൽ, തോമസ് മാത്യു മണ്ഡപത്തിൽ, ബെന്നി വയലിൽ, ടി.എൻ. കുട്ടപ്പൻ താന്നിയ്ക്കൽ, ജസ്റ്റിൻ ജോർജ് മണ്ഡപത്തിൽ എന്നിവരുടെ കൃഷിയിടങ്ങളിലാണ് മഴക്കെടുതി നാശംവിതച്ചത്. നാളെ കൊയ്ത്തുത്സവം ആഘോഷമായി നടക്കാനിരിക്കെയാണ് കർഷക സ്വപ്നങ്ങൾക്കു മട വീണത്. പൊന്നൊഴുകുംതോട് ആഴം കൂട്ടുന്നതിനും അനധികൃതമായി കരഭൂമിയാക്കിയ കൃഷിയിടങ്ങൾ തിരികെ നെൽവയലാക്കിയും മടവീഴ്ച തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നു കാപ്പുകയം പാടശേഖര സമിതി ആവശ്യപ്പെട്ടു. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എം.പി. സുമംഗലാദേവി, ബ്ലോക്ക് പഞ്ചായത്തംഗം റോസ്മി ജോബി, വാർഡംഗം മാത്യൂസ് പെരുമനങ്ങാട്, എലിക്കുളം അസിസ്റ്റന്റ് കൃഷി ഓഫീസർ എ.ജെ. അലക്‌സ് റോയ് തുടങ്ങിയവർ കൃഷിനാശം വിലയിരുത്തി.