തിരുവഞ്ചൂർ: കാറിലെത്തി, പ്രദേശത്തു ചുറ്റിക്കറങ്ങിയ യുവാവ് തയ്യൽ സ്ഥാപനത്തിൽ നിന്ന് പണവും മൊബൈൽ ഫോണുകളും വച്ചിരുന്ന ബാഗുമായി കടന്നു. ഇന്നലെ ഉച്ചയോടെ തിരുവഞ്ചൂ‌ർ ജംഗ്ഷനിലായിരുന്നു സംഭവം. യുവാവ് കാർ മാറ്റി പാർക്ക് ചെയ്‌ത ശേഷം പ്രദേശത്തെ കടകളിലെല്ലാം കയറിയിറങ്ങി. തുടർന്ന് വേങ്കിടത്തു ബിൽഡിംഗിലെ തയ്യൽസ്ഥാപനത്തിൽ കയറി. ഈ സമയം കടയുടെ ഷട്ടർ പാതി വലിച്ചുവച്ചശേഷം കടയുടമ ശ്യാമള പുറത്ത് പോയിരിക്കുകയായിരുന്നു. ഷട്ടറിന്റെ വിടവിലൂടെ ഇയാൾ ബാഗ് എടുത്ത് ഏറ്റുമാനൂർ ഭാഗത്തേയ്ക്കു കാറോടിച്ചു പോയി. ബാഗിൽ രണ്ട് മൊബൈൽ ഫോൺ, പണം, എ.ടി.എം.കാർഡുകൾ, തിരിച്ചറിയിൽ കാർഡുകൾ, വണ്ടിയുടെ താക്കോൽ എന്നിവ ഉണ്ടായിരുന്നു.