വൈക്കം:തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങൾ നടത്തികൊണ്ടു പോകാൻ സാമ്പത്തികമായി ബുദ്ധിമട്ട് വരുന്ന സമയത്ത് എടുത്ത് ഉപയോഗിക്കുന്നതിനായി 7 % പലിശക്ക് ബാങ്കിൽ നിക്ഷേപിച്ചിരുന്ന പണത്തിന്റെ സർട്ടിഫിക്കറ്റ് പണയം വെച്ച് 9% പലിശക്ക് പണമെടുത്തു് മരാമത്ത് പണികൾക്ക് നൽകിയത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം സർവീസ് പെൻഷനേഴ്‌സ് അസോസ്സിയേഷൻ ദേവസ്വം ഓംബുഡ്‌സ്മാന് പരാതി നൽകി. ദേവസ്വം ബോർഡ് പലിശക്കെടുത്ത പണം വിവിധ എക്‌സിക്യൂട്ടിവ് എൻജിനീയർമാർക്ക് കൈമാറിയെങ്കിലും വളരെ കുറച്ചുമാത്രം തുക ചെലവഴിക്കുകയും ബാക്കി തുക അവരവരുടെ അകൗണ്ടിൽ നീക്കിയിരുപ്പായി സൂക്ഷിച്ചിരിക്കുകയുമാണ്. എച്ച്.ആർ.ഐ.ആക്ട് അനുസരിച്ച് സർ പ്ലസ് ഫണ്ട് ഏതൊക്കെ അടിയന്തിര സാഹചര്യത്തിലാണ് എടുത്തു് ഉപയോഗിക്കേണ്ടത് എന്ന് വ്യക്തമായി നിർദേശിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് കേരള ഹൈക്കോടതിയും പല പ്രാവശ്യം ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതുമാണ്. നിയമങ്ങളെയും ഉത്തരവുകളെയും കാറ്റിൽ പറത്തി ദേവസ്വം ബോർഡിന്റെ നിലനിൽപ്പിനു തന്നെ ഭീക്ഷണിയാകുന്ന കാര്യങ്ങൾ ചെയ്യുന്ന അധികാരികൾക്കെതിരെ നടപടി ഉണ്ടാകണമെന്നും ദേവസ്വം സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ വൈക്കംയൂണിറ്റ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് വിി.എസ് .രാജഗോപാലൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വി. മോഹനൻ, വി. നാരായണൻ ളണ്ണി, പി.സി. അജിത്ത് കുമാർ എം. മുരളീകൃഷ്ണൻ തമ്പാൻ, ഈശ്വരൻ പോറ്റി, എം.ബി. അംബിക. ഗീതാ വിശ്വംഭരൻ എന്നിവർ സംസാരിച്ചു.