ചങ്ങനാശേരി: നഗരസഭയിൽ യു.ഡി.എഫ്. ധാരണ തെറ്റിച്ച് ചെയർമാൻ പദം വിട്ടുനൽകാത്ത ജോസ് കെ മാണി വിഭാഗം ചെയർമാന്റെ നിലപാടിനെതിരെ ഒരടി പിന്നോട്ടില്ലെന്ന് കേരളാ കോൺഗ്രസ്.(എം) ആക്ടിംഗ് ചെയർമാൻ പി.ജെ ജോസഫ് പറഞ്ഞു. ചങ്ങനാശേരിയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളാ കോൺഗ്രസ് (എം) പാർട്ടിയും യു.ഡി.എഫും ഉണ്ടാക്കിയ ധാരണ തെറ്റിച്ച നഗരസഭാ ചെയർമാന്റെ നടപടി സംസ്ഥാനത്തെ ഉന്നത യു.ഡി.എഫ്. നേതാക്കളുമായി ചർച്ച ചെയ്തിരുന്നു. 28 ന് തിരുവനന്തപുരത്ത് ചേരുന്ന യു ഡി.എഫ്. സംസ്ഥാന ഉന്നതാധികാര യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്യാമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ നഗരസഭയിലെ ഭൂരിപക്ഷം യു ഡി.എഫ് കൗൺസിലർമാരും ഒന്നിച്ചു നിൽക്കുന്ന സാഹചര്യമാണുള്ളതെന്നും പദവിമാറ്റം സംബന്ധിച്ച ഒരു വിട്ടുവീഴ്ചയ്ക്കില്ലെന്നും പി.ജെ.ജോസഫ് പറഞ്ഞു.