parathodu

പാറത്തോട് : നാട്ടിലെ റോഡും തോടുമൊക്കെ ആർക്കുവേണേലും കൈയേറാമെന്നേ.... പിന്നല്ലാണ്ട്..! ആരെങ്കിലും പരാതിക്കാരുണ്ടാകുമ്പോൾ പഞ്ചായത്ത് ഉദ്യോഗസ്ഥർ വന്നൊരു സ്റ്റോപ്പ് മെമ്മോ തരും. ഒന്നും പ്രതികരിക്കാൻ നിൽക്കേണ്ട, ആ കടലാസ് ഒപ്പിട്ടുവാങ്ങി വീട്ടിൽ കൊണ്ടുപോയി വച്ചാൽമതി. പിന്നെ ഒന്നും സംഭവിക്കില്ല, ആരും പിന്നാലെ വരികയുമില്ല. പണി നിറുത്തിവയെക്കാനെ മെമ്മോയിൽ പറയുന്നുള്ളൂ... തത്ക്കാലം നിറുത്തിവയ്ക്കുക. പിന്നെ തുടർച്ചയായ അവധി ദിവസങ്ങളിൽ രാവും പകലുമായി പണിതീർക്കുക.

ഇനി ഇത് എവിയെന്ന് ചോദിച്ചാൽ ദേ...ഈ പാറത്തോട്ടിൽ. പാറത്തോട് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് ഒന്നാം മൈൽ ഭാഗത്ത് മുണ്ടപ്ലാക്കൽ ദേവസ്യ എന്നയാളാണ് അധനികൃതമായി തോട് കൈയേറി സംരക്ഷണഭിത്തി നിർമ്മിച്ചത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് ഉദ്യോസ്ഥർ സ്റ്റോപ്പ് മെമ്മോ നൽകിയത്. പക്ഷേ ഉദ്യോഗസ്ഥർ കാണേണ്ടതൊന്നും കണ്ടില്ല. മുമ്പ് തോട്ടിൽ നിന്ന് പണിതുയർത്തിയ വീടിന് വീണ്ടും തോട് കൈയേറി സംരക്ഷണഭിത്തി നിർമ്മിക്കുന്നത് മാത്രമാണ് പ്രശ്നമായി തോന്നിയത്. നിറുത്തിവയ്ക്കാൻ നിർദ്ദേശം നൽകിയതും അതുമാത്രം.

അപ്പോൾ പഴയ നിർമ്മിതിയോ..? എന്ന് ചോദിച്ചവരോട് പറയുന്നത്, 'തോടിന്റെ യഥാർത്ഥ വീതി അളന്ന് തിട്ടപ്പെടുത്താൻ റവന്യുവകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ടത്രേ.

'പഞ്ചായത്ത് പരിധിയിൽ നടക്കുന്ന അധനികൃത നിർമ്മാണങ്ങൾക്കും കൈയേറ്റങ്ങൾക്കും എതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കും'

ബിനു സജീവ് , പഞ്ചായത്ത് പ്രസിഡന്റ്