കോട്ടയം: വിളവെടുപ്പ് കാലമായതോടെ ഏലത്തിനും കാപ്പിക്കും വിലയിടിയുന്നു. റിക്കാർഡ് വിലയിലെത്തിയ ഏലത്തിന്റെ വില പൊടുന്നനേ കൂപ്പുകുത്തിയത് കർഷകർക്ക് വലിയ തിരിച്ചടിയായി. പൊതുവിപണിയിൽ 4500 രൂപ വിലയുണ്ടായിരുന്ന ഏലത്തിന് ഇന്നലെത്തെ വില 2000 രൂപയാണ്. ഈ നില തുടർന്നാൽ വീണ്ടും വിലയിടിയുമെന്നാണ് സൂചന. അതേസമയം 500 രൂപയിൽ താഴെ എത്തിയാലും അതിശയിക്കേണ്ടതില്ലെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. കാപ്പിയും സമാന അവസ്ഥയിലാണ്. മൂന്നു മാസം മുമ്പ് 80 രൂപ വിലയുണ്ടായിരുന്ന തൊണ്ടൻ കാപ്പിയുടെ വില പത്തു രൂപ കുറഞ്ഞ് 70 രൂപയിലെത്തി. വില കുറഞ്ഞിട്ടും പൊടിച്ച് പായ്ക്കറ്റിൽ വരുന്ന കാപ്പിപ്പൊടിക്ക് വില ഉയരുകയാണ്. ഓഗസ്റ്റ് മൂന്നിന് പുറ്റടി സ്പൈസസ് പാർക്കിൽ നടന്ന ലേലത്തിൽ കിലോക്ക് 7,000 രൂപ വില ലഭിച്ചിരുന്നു. ഈ സമയത്ത് പൊതുവിപണിയിൽ 4500 രൂപ കിലോയ്ക്ക് ലഭിച്ചിരുന്നു. കർഷകർക്കാവട്ടെ 4400 രൂപയോളം ലഭിച്ചു. എന്നാൽ കളം മാറി. പൊടുന്നനേ ഏലത്തിന്റെ വില തകർച്ച ശരിക്കും ഇടുക്കിയിലെ കർഷകരുടെ നടുവെടിച്ചിരിക്കയാണ്. കാപ്പിക്കുകൂടി വില തകർച്ച നേരിട്ടതോടെ ഇനി എന്ത് എന്ന ചിന്തയിലാണിവർ. കഴിഞ്ഞ വർഷമുണ്ടായ മലവെള്ള പാച്ചിലിലും തുടർന്നുണ്ടായ വരൾച്ചയിലും ഏലം ചെടികൾ കൂടുതലായി നശിച്ചിരുന്നു. ഏലത്തിന് ചീക്ക രോഗം കൂടി വന്നതോടെ കർഷകർ ആകെ വിഷമത്തിലായി. അങ്ങും ഇങ്ങും തലയുയർത്തി നിന്ന തോട്ടത്തിലെ ഏതാനും ചെടികൾ പരിപാലിച്ചാണ് ഇവർ കൃഷി നടത്തിയത്. ഏലത്തിന് വില സർവ്വകാല റിക്കാർഡിൽ എത്തിയതോടെ വിളവ് കുറവെങ്കിലും കർഷകർ ആഹ്ളാദിച്ചിരുന്നു. പക്ഷേ, വിളവെടുപ്പ് തുടങ്ങിയതോടെ വില കൂപ്പുകുത്തിയത് സാധാരണ കർഷകർക്ക് ഇരുട്ടടിയായി. എന്നാൽ ഏലയ്ക്ക സംഭരിച്ച് വച്ചിട്ടുള്ള വൻകിട തോട്ടമുടമകൾ ഇക്കുറി കൈനിറയെ പണം വാരി. ഇന്നലെ നടന്ന ഇ-ലേലത്തിൽ ഏലത്തിന് ശരാശരി വില 2207 ലേക്ക് താഴ്ന്നു. ഇതോടെ പൊതുവിപണിയിൽ വില 2000 ആയി. ഫസ്റ്റ് ക്വാളിറ്റി ഏലയ്ക്കായ്ക്ക് മാത്രമാണ് 2000രൂപ ലഭിക്കുന്നത്. ഈ നില തുടർന്നാൽ അടുത്തവർഷം കർഷകർ ഏലകൃഷിയിൽ നിന്നും പിന്മാറാൻ നിർബന്ധിതമാവും.
വലിയ തിരിച്ചടി
ഏലത്തിനും കുരുമുളകിനും ഉത്പാദനത്തിലുണ്ടായ വൻകുറവ് കഴിഞ്ഞ സാമ്പത്തിക വർഷം കയറ്റുമതിയിൽ വലിയ തിരിച്ചടിയായി. ഏലത്തിന് 218.56 കോടി രൂപയുടെയും കുരുമുളകിന് 249.13 കോടിയുടെയും കുറവുണ്ടായി. അന്താരാഷ്ട്ര വിപണിയിൽ ചെറിയ ഏലക്കയുടെ പ്രിയം കൂടിയതോടെയാണ് വില കുതിച്ചുയർന്നത്. ഇടുക്കിയുടെ കരുത്ത് ചെറിയ ഏലത്തിനാണ്. അന്താരാഷ്ട്ര വിപണിയിൽ പ്രിയമേറെയുള്ള ചെറിയ ഏലക്കയുടെ ഈറ്റില്ലമാണ് ഇടുക്കി, വയനാട്, നെല്ലിയാമ്പതി, അട്ടപ്പാടി എന്നീ പ്രദേശങ്ങൾ. ചെറിയ ഏലക്കയുടെ ഇന്ത്യയിലെ മൊത്ത ഉല്പാദനത്തിന്റെ 89 ശതമാനവും കേരളത്തിലാണ്. തമിഴ്നാട്ടിലും കർണ്ണാടകയിലും ചെറിയ ഏലം കൃഷിയുണ്ട്. അരുണാചൽ, സിക്കിം, നാഗാലാൻഡ് എന്നിവിടങ്ങളിലാണ് വലിയ ഏലക്ക വിളയുന്നത്.