കുഴിയടച്ച ടാക്‌സി ഡ്രൈവർക്ക് മരാമത്ത് വകുപ്പ് കൊടുത്തത് എട്ടിന്റെ പണി

എരുമേലി : ശബരിമല തീർത്ഥാടനം പടിവാതിൽക്കൽ എത്തിനിൽക്കെ പ്രധാന പാതയായ പമ്പ റോഡ് കുഴികളുടെ കൂമ്പാരമായി. മാസങ്ങളായി കുണ്ടും കുഴികളും മൂലം പമ്പ - തുലാപ്പള്ളി - കണമല റോഡ് യാത്രക്കാരെ വലയ്ക്കുകയാണ്. കുഴികൾ മൂലം നാട്ടുകാർ സഹികെട്ടപ്പോൾ സ്വന്തം ചെലവിൽ സൗജന്യമായി മണ്ണും കല്ലുമിട്ട് കുഴികൾ നികത്തിയ ടാക്‌സി ഡ്രൈവർക്കാകട്ടെ മരാമത്ത് വകുപ്പ് കൊടുത്തത് എട്ടിന്റെ പണിയും. ടിപ്പർ ലോറി ഡ്രൈവറും നാട്ടുകാരനുമായ കുന്നുംപുറത്ത് അനിലാണ് കുഴിയടക്കാൻ രംഗത്തെത്തിയത്.

പിറ്റേന്ന് കനത്ത മഴയിൽ റോഡ് വീണ്ടും ചെളിക്കുണ്ടായി. പരാതിയുമായി ഒരാൾ മരാമത്ത് ഉദ്യോഗസ്ഥരെ സമീപിച്ചപ്പോൾ കുഴികളിലിട്ട മണ്ണും കല്ലും ഉടൻ നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം കേസെടുക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ജെ.സി.ബി ഉപയോഗിച്ച് റോഡിലെ ചെളിയെല്ലാം അനിൽ നീക്കം ചെയ്യുകയായിരുന്നു. കുഴികൾ മൂലം അതീവ അപകട മേഖലയായി മാറിയിരിക്കുകയാണ് ആലപ്പാട്ട് ജംഗ്ഷൻ. ഇരുചക്രവാഹനയാത്രക്കാർ തെന്നിവീഴുന്നത് പതിവായിരിക്കുകയാണ്. ചെളിവെള്ളം നിറഞ്ഞുകിടക്കുന്നതിനാൽ താഴ്ചയും അറിയാനാകുന്നില്ല. മുന്നറിയിപ്പായി ചിലർ റോഡരികിൽ വീടുകളുടെ മുന്നിൽ ചുവപ്പ് തുണികൾ പ്രദർശിപ്പിച്ചിട്ടുണ്ട്.

പഴിയെല്ലാം നാട്ടുകാർക്ക്

റോഡ് തകർന്നതിന് പിന്നിലെ പ്രധാന കുറ്റക്കാർ നാട്ടുകാരാണെന്നാണ് മരാമത്ത് വകുപ്പ് പറയുന്നത്. ശബരിമല സീസണിന്റെ തുടക്കത്തിൽ നിർമ്മാണം നടത്തി നവീകരിക്കുന്ന പാതയാണിതെന്നും ഓടകൾ മൂടിപ്പോയതാണ് റോഡ് ഇത്രയേറെ തകരാൻ കാരണമായതെന്നുമാണ് പറയുന്നത്. റോഡിന്റെ വശങ്ങൾ കൈയേറി കച്ചവടത്തിനും പാർക്കിംഗ് ഗ്രൗണ്ടുകളിലേക്കുമായി ഓടകൾക്ക് മുകളിൽ പലരും നിർമ്മിച്ച നടപ്പാതകൾ ശബരിമല സീസൺ കഴിഞ്ഞിട്ടും പൊളിച്ചുമാറ്റിയിരുന്നില്ല. തടികളും കമ്പുകളും മറ്റുമിട്ട് നിർമ്മിച്ച ഇവ തകർന്ന് ഓടകളിൽ അടിഞ്ഞതോടെ മഴവെള്ളം ഒഴുകിപ്പോകാത്ത നിലയിലായി. ഇതാണ് റോഡ് തകർച്ചയ്ക്ക് കാരണമായി ഉദ്യോഗസ്ഥർ പറയുന്നത്.

ശബരില തീർത്ഥാടനത്തിന് മുൻപ് റോഡ് നവീകരണ ജോലികൾ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. പ്രാരംഭ നടപടികൾ ഉടൻ ആരംഭിക്കും.

പൊതുമരാമത്ത് വകുപ്പ്

ആലപ്പാട്ട് ജംഗ്ഷനിൽ അപകടം തുടർക്കഥ

കുഴികൾക്ക് സമീപം ചുവന്ന തുണി നാട്ടി

വെള്ളക്കെട്ടിന് കാരണം ഓടകൾ അടഞ്ഞത്