വൈക്കം : വൈക്കം നഗരസഭയിൽ 2017-18 വർഷത്തിൽ അംഗീകാരം ലഭിച്ച പി.എം.എ.വൈ - ലൈഫ് ഭവന നിർമ്മാണ പദ്ധതിയിൽപ്പെടുത്തി നിർമ്മിച്ച 100 വീടുകളുടെ താക്കോൽ ദാനം ഇന്ന് രാവിലെ 11ന് സത്യാഗ്രഹ സ്മാരക മന്ദിരത്തിൽ ചേരുന്ന ചടങ്ങിൽ ചെയർമാൻ പി.ശശിധരൻ നിർവഹിക്കും. 156 വീടുകളുടെ നിർമ്മാണം ഇപ്പോൾ അവസാന ഘട്ടത്തിൽ എത്തിയിരിക്കുകയാണ്. സംസ്ഥാന സർക്കാർ പിഎംഎവൈ - ലൈഫ് ഗുണഭോക്താക്കൾക്ക് നഗരസഭാ വിഹിതമായി അനുവദിച്ച ഒരു ലക്ഷം രൂപയുടെ വിതരണോദ്ഘാടനവും പി.എം.എ.വൈ.എഫ് - ലൈഫ് ഗുണഭോക്താക്കൾക്ക് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി അധികമായി നൽകുന്ന ധനസഹായത്തിന്റെ വിതരണവും ചടങ്ങിൽ നടക്കും. പി.എം.എ.വൈ-ലൈഫ് ഗുണഭോക്താക്കളുടെ ജീവിത സാഹചര്യങ്ങളിൽ ഫലപ്രദമായ മാറ്റം വരുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന അംഗീകാർ ക്യാംപയിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. 2019-20 വർഷത്തിൽ ഭവന നിർമ്മാണ പദ്ധയിൽപ്പെടുത്തി 197 ഗുണഭോക്താക്കളുടെ ലിസ്റ്റിന് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അനുമതി ലഭിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ നടത്തിപ്പിനാവശ്യമായ നഗരസഭ വിഹിതം കണ്ടെത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. പി.എം.എ.വൈ - ലൈഫ് ഗുണഭോക്താക്കൾക്ക് നഗരസഭ വിഹിതം നൽകുന്നതിനായി ബാങ്കിൽ നിന്ന് മൂന്ന് കോടി രൂപ വായ്പ എടുക്കാനാണ് നഗരസഭയുടെ തീരുമാനം. ഭൂരഹിതഭവന രഹിതർക്കായി അയ്യർകുളങ്ങളരയിൽ ഫ്ലാറ്റ് നിർമ്മിക്കുന്നതിനായി ആറു കോടി 16 ലക്ഷം രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്. ഭൂരഹിത ഭവന രഹിതർക്കായി 106 പേരുടെ അപേക്ഷയാണ് നഗരസഭയിൽ ലഭിച്ചിരുന്നത്. അവസാന ഘട്ട പരിശോധനയിൽ 62 കുടുംബങ്ങളുടെ ലിസ്റ്റിനാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്. ഫ്ലാറ്റിന്റെ നിർമ്മാണ ഉദ്ഘാടനവും താമസിയാതെ നടത്തുമെന്ന് ചെയർമാൻ പി.ശശിധരൻ, വൈസ് ചെയർപേഴ്സൺ എസ്.ഇന്ദിരാദേവി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ രോഹിണിക്കുട്ടി അയ്യപ്പൻ, ആർ.സന്തോഷ്, ബിജു.വി.കണ്ണേഴത്ത്, ബിജിനി പ്രകാശൻ, പ്രതിപക്ഷ നേതാവ് എം.ടി.അനിൽകുമാർ തുടങ്ങിയവർ അറിയിച്ചു.