തലയോലപ്പറമ്പ് : പെരുവ-പിറവം റോഡിൽ പെട്രോൾ പമ്പിന് മുൻവശമുള്ള കലുങ്കിന് മുകളിലത്തെ റോഡിലൂടെ സൂക്ഷിച്ച് പോയില്ലെങ്കിൽ അപകടം ഉറപ്പ്. ഇവിടെ റോഡിന് മദ്ധ്യേ രൂപപ്പെട്ടിരിക്കുന്ന കുഴി ഇരുചക്രവാഹന യാത്രികരെ സംബന്ധിച്ച് 'വാരിക്കുഴി'യാണ്. പെട്ടെന്ന് ശ്രദ്ധയിൽപ്പെടാത്ത തരത്തിലാണ് കുഴി രൂപപ്പെട്ടിരിക്കുന്നതെന്നതിനാൽ ഇവിടെ അപകടങ്ങൾ സംഭവിക്കാറുണ്ട്. മഴ പെയ്താൽ ഇവിടെ മണിക്കൂറുകളോളം വെള്ളക്കെട്ടുണ്ടാകാറുണ്ട്. ദിവസവും നൂറ് കണക്കിന് വാഹനങ്ങൾ പോകുന്ന വഴിയായതിനാൽ കലുങ്ക് നന്നാക്കാൻ അധികൃതരുടെ ഭാഗത്തു നിന്നും അടിയന്തിര നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.