കോട്ടയം: ആവർത്തിച്ചുണ്ടായ പ്രളയദുരന്തങ്ങൾക്ക് പിന്നാലെ നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലവർദ്ധന മലയാളിയുടെ കുടുംബബജറ്റിന്റെ താളം തെറ്റിക്കുന്നു. സാധാരണ ഓണക്കാലത്ത് വില അൽപ്പം കൂടിയാലും പിന്നീട് കുറയുന്നതാണ് പതിവ്. എന്നാൽ ഇത്തവണ എന്നോ തുടങ്ങിയ കുതിപ്പ് അയവില്ലാതെ തുടരുകയാണ് . വിലക്കയറ്റം അനുസ്യൂതം തടരുന്നുവെന്നാണ് പൊതുവിപണിയെ നിരീക്ഷിക്കുന്ന ഇക്കണോമിക്സ് ആന്റ് സാറ്റിറ്റിക്സ് ഡിപ്പാർട്ടുമെന്റിന്റെ സെപ്തംബർ മാസത്തെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. കേരളത്തിലേക്ക് നിത്യോപയോഗ സാധനങ്ങൾ ഉൽപ്പാദിപ്പിച്ച് എത്തിക്കുന്ന കർണാടകം, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ഇത്തവണ കനത്ത പ്രളയം നാശം വിതച്ചതാണ് വിലവർദ്ധനവിന് കാരണം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ ഗതിവിഗതികൾ പോലും നിയന്ത്രിക്കുന്ന ഒന്നാണ് സവാള. പുതിയ ചരക്ക് വിപണിയിൽ എത്തുന്നതോടെ ഈ മാസം പകുതിയാകുമ്പോൾ സവാള വില കുറയുമെന്ന് കണക്കുകൂട്ടിയെങ്കിലും ഫലം വിപരീതമായിരുന്നു. ഇതുതന്നെയാണ് മറ്റ് പല ഉത്പ്പന്നങ്ങളുടെയും കാര്യം. വെളിച്ചെണ്ണ, നാളികേരം, വെളുത്തുള്ളി, ഇറച്ചിക്കോഴി എന്നിവയുടെ വില ഇനിയും കൂടുമെന്നും റിപ്പോർട്ടിൽ സൂചനയുണ്ട്.
2018 സെപ്തംബർ മുതൽ
2019 സെപ്തംബർ വരെയുള്ള താരതമ്യം
(വിലവർദ്ധനവ് ശതമാനക്കണക്കിൽ)
അരി: 1.46
ഗോതമ്പ് : 2.27
ചെറുപയർ: 11.24
പരിപ്പ്: 10.31
ഉഴുന്ന്: 18.48
വൻപയർ: 22.57
മല്ലി: 22.09
മുളക്: 27.60
സവാള: 124.22
ചെറിയ ഉള്ളി: 52.49
വെളുത്തുള്ളി :130.71
നല്ലെണ്ണ: 14.89
ബീറ്റ് റൂട്ട് :40.99
വാഴപ്പഴം: 30.84
പ്രതിസന്ധി മുന്നിൽക്കണ്ട് സവാളയുടെ കയറ്റുമതി നിരോധിച്ചെങ്കിലും വിപണിയിൽ കാര്യമായ പ്രയോജനമുണ്ടായില്ല. മുൻവർഷത്തെ അപേക്ഷിച്ച് സവാള വിലയിൽ 124.22 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്.
സർവേ, ഇക്കണോമിക്സ് ആന്റ് സാറ്റിറ്റിക്സ് ഡിപ്പാർട്ട്മെന്റ്
വില കുറയാത്തതിനു കാരണം
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പ്രളയം
നെൽകൃഷിയിൽ 4.58 ശതമാനം കുറവ്
പയർ ഉത്പ്പാദനത്തിൽ 2.38 % കുറവ്
സവാള കൂടുതലായി വിപണിയിലെത്തുന്നില്ല