i

തലയോലപ്പറമ്പ്: തോരാതെ പെയ്ത മഴയിൽ വിതച്ചതും വിതയ്ക്കാൻ ഒരുക്കിയ നിലങ്ങളും വെള്ളത്തിൽ മുങ്ങിയതോടെ കണ്ണീർ വാർത്ത് കർഷകർ. തലയോലപ്പറമ്പ് പഞ്ചായത്തിലെ മനയ്ക്കരി,തെക്കേക്കരി, പാറ, എസ് എൻ വി, തെക്കേ പുതുശ്ശേരി, തെക്കൻചേരി, അറവൻകരി, പഴമ്പെട്ടി, വടക്കേപുതുശ്ശേരി,നടുക്കരി, ആലങ്കേരി തുടങ്ങി 2500 ഏക്കറിലധികം കൃഷി നിലം വെള്ളത്തിൽ മുങ്ങി. ഇതിൽ 220 ഏക്കർ വിസ്തൃതിയുള്ള തെക്കേക്കരി ഉൾപ്പടെയുള്ള ചില പാടശേഖരങ്ങൾ വിതകഴിഞ്ഞ് ഏതാനും ദിവസമെത്തിയപ്പോഴാണ് വെള്ളത്തിൽ മുങ്ങിയത്. തലയോലപ്പറമ്പിലെ നെൽകൃഷിയുടെ സംരക്ഷണത്തിനായി കോടികൾ വിനിയോഗിച്ചു പുറംബണ്ട് നിർമ്മാണമുൾപ്പെടെ കെ.എൽ.ഡി.സി യുടെ നേതൃത്വത്തിൽ നടന്നെങ്കിലും ഉദ്യോഗസ്ഥരും കരാറുകാരും രാഷ്ട്രീയക്കാരുമുൾപ്പെട്ട ലോബി നിർമ്മാണത്തിൽ വരുത്തിയ അപാകത മൂലം കാർഷിക മേഖലയ്ക്കു പദ്ധതി കൊണ്ടു ഗുണമുണ്ടായില്ലെന്ന് കർഷകർ ആരോപിക്കുന്നു. മഴ പെയ്തില്ലെങ്കിലും വേലിയേറ്റം ശക്തമായാൽ പാടശേഖരങ്ങൾ വെള്ളത്തിൽ മുങ്ങുന്ന സ്ഥിതിയാണിപ്പോൾ. പാടശേഖരങ്ങളുടെ പുറം ബണ്ട് മണ്ണിട്ട് ഉയർത്തുക പോലും ചെയ്യാതെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചതെന്ന് കർഷകർ ആരോപിക്കുന്നു.പാടശേഖരങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന തോടുകൾ ആഴം കൂട്ടാത്തതിനാൽ നീരൊഴുക്ക് തടസപ്പെടുകയാണ്. പാടശേഖരങ്ങളുടെ സമീപത്ത് താമസിക്കുന്ന നിരവധി നിർദ്ധന കുടുംബങ്ങൾ ഇതുമൂലം ചാറ്റൽ മഴ പെയ്താലും മലിന ജലത്തിന് നടുവിൽ കഴിയേണ്ട സാഹചര്യമാണ് ഉള്ളത്.