k

തലയോലപ്പറമ്പ്: നിർമ്മാണം പൂർത്തീകരിച്ച് ആഴ്ചകൾ തികയും മുൻപേ സംരക്ഷണ ഭിത്തി ഇടിഞ്ഞു താണു. മറവൻതുരുത്ത് പഞ്ചായത്തിൽ കടൂക്കര–മൂഴിക്കൽ റോഡിൽ എസ്.എൻ.ഡി.പി ഓഫിസിന് സമീപമാണ് സംഭവം. വൈക്കം ബ്ലോക്ക് പഞ്ചായത്തിൽ നിന്നും 5 ലക്ഷം രൂപ അനുവദിച്ചാണ് സംരക്ഷണഭിത്തിയുടെ നിർമ്മാണം നടത്തിയത്. 6.5 മീറ്റർ ഉയരത്തിൽ നിർമ്മിച്ചിട്ടുള്ള കരിങ്കൽ ഭിത്തിയുടെ അടിഭാഗം ആണ് ഇന്നലെ ഇടിഞ്ഞ് താഴ്ന്നത്. അടിഭാഗം ഇടിഞ്ഞതോടെ സംരക്ഷണ ഭിത്തിയുടെ മുകൾ ഭാഗത്തും വിള്ളൽ രൂപപ്പെട്ടു. മറ്റ് ഭാഗങ്ങളിലെ കൽക്കെട്ട് ഇളകിയ നിലയിലാണ്. നടുഭാഗത്തെ നിർമ്മാണം പൂർത്തീകരിച്ചിട്ടില്ല. സ്‌കൂൾ വാഹനങ്ങൾ അടക്കം നിത്യേന നൂറ് കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡിൽ സംരക്ഷണഭിത്തി ഇടിഞ്ഞത് മൂലം വലിയ അപകട സാദ്ധ്യതയാണ് നിലവിലുള്ളത്.

 നിർമ്മാണത്തിൽ അഴിമതിയെന്ന് ആരോപണം

കടൂക്കര–മൂഴിക്കൽ റോഡിന്റെ സംരക്ഷണ ഭിത്തി നിർമ്മാണം പൂർത്തീകരിച്ച് ആഴ്ചകൾ തികയും മുൻപ് ഇടിഞ്ഞത് നിർമ്മാണത്തിലെ അഴിമതിയും പിഴവും മൂലമാണെന്നും ഭിത്തിയുടെ അടിഭാഗം കോൺക്രീറ്റ് ചെയ്യാതെ ഇളകിയ മണ്ണിൽ നിന്നും നിർമ്മാണം ആരംഭിച്ചതാണ് സംരക്ഷണ ഭിത്തി ഇടിഞ്ഞുവീഴാൻ കാരണമെന്നും കോൺഗ്രസ് തലയോലപ്പറമ്പ് ബ്ലോക്ക് കമ്മറ്റി വൈസ് പ്രസിഡന്റ് ആർ. അനീഷ് ആരോപിച്ചു. തകർന്ന സംരക്ഷണ ഭിത്തി അടിയന്തരമായി പുനർനിർമിക്കാൻ നടപടി സ്വീകരിക്കണമെന്ന് ബൂത്ത് കോൺഗ്രസ് കമ്മിറ്റിആവശ്യപ്പെട്ടു. ശശിധരൻ, ബൈജു, അജി, പുഷ്പൻ, ആനന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.

 സംഭവം ശ്രദ്ധയിൽപെട്ടിട്ടുണ്ട്. കരിങ്കൽ ഭിത്തിയുടെ അടിഭാഗം മുതൽ മുകൾ ഭാഗം വരെ പുനർനിർമ്മിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കും. ഇതിനു ശേഷം മാത്രമെ നിർമ്മിച്ചതിന്റെ ബിൽ മാറി നൽകുകയുള്ളൂ -- എം.വൈ.ജയകുമാരി, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

 നിർമ്മാണച്ചെലവ് -- 5 ലക്ഷം രൂപ